KERALANEWS

രാഹുൽ തുന്നിചേർത്ത ചെരുപ്പ്; ആ ചെരുപ്പ് നിറം മാറ്റിയത് റാം ചേതിന്റെ ജീവിതത്തെ, 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ചെരുപ്പിന്

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുൽത്താൻപുരിലെ ചെരുപ്പ്കുത്ത് ജോലി ചെയ്യുന്ന റാം ചേത്. രാഹുൽ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വിൽക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കും- റാം ചേത് പറഞ്ഞു. ‌ജൂലൈ 26നാണ് രാഹുൽ റാം ചേതിന്റെ കടയിൽ എത്തിയത്. സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് രാഹുൽ വഴിയരികിൽ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കട കണ്ടത്. ഉടൻ അവിടെയിറങ്ങി റാം ചേതിന്റെ വിശേഷങ്ങൾ ചോ​ദിക്കുകയും ചെരുപ്പ് തുന്നാൻ സഹായിക്കുകയും ചെയ്തു.

ഇപ്പോൾ തന്റെ ജീവിതമാകെ മാറിയെന്ന് ഇദ്ദേഹം പറയുന്നു. ആളുകൾ വരുന്നു, വിശേഷങ്ങൾ ചോദിക്കുന്നു, സെൽഫിയെടുക്കുന്നു. ചിലർ രാഹുൽ തുന്നിയ ചെരുപ്പ് ചോദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തി വിശേഷങ്ങള്‍ തിരക്കുകയും ആവശ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. പ്രാതാപ്ഗഢില്‍ നിന്നൊരാള്‍ എത്തി. രാഹുല്‍ തുന്നിയ ചെരുപ്പിന് അഞ്ച് ലക്ഷം തരാമെന്ന് പറഞ്ഞു. നിരസിച്ചപ്പോള്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മറ്റൊരു വ്യക്തി തനിക്ക് ഒരു ബാഗ് നിറയെ പണം വാഗ്ദാനം ചെയ്തു. എന്നാൽ, ആ ചെരിപ്പ് ആർക്കും നൽകില്ലെന്നും ചില്ലിട്ട് സൂക്ഷിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button