മുംബൈ : റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.
ഓഹരി നാണ്യ വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാന്‍ കാരണമാകുന്നത്.
ഓഹരി വിപണിയില്‍ നിന്ന് ബുധനാഴ്ച മാത്രം 1244.5 കോടിയുടെ ഓഹരികള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വിറ്റു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അമേരിക്കന്‍ ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കുകയാണ്. അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയെ ദുര്‍ബലമാക്കുന്നുണ്ട്. ബുധനാഴ്ച ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 79.05 വരെയെത്തിയിരുന്നു. ചൊവ്വാഴ്ച 48 പൈസ ഇടിഞ്ഞ് 78.85 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതുവരെ 1.97 ശതമാനമാണ് രൂപ നേരിട്ട ഇടിവ്. 2022 ആരംഭിച്ചതു മുതല്‍ 6.39 ശതമാനം മൂല്യമിടിഞ്ഞു.
രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 150.48 പോയിന്റ് ഇടിഞ്ഞ് 53,026.97ല്‍ എത്തി. നിഫ്റ്റി 51.10 ഇടിഞ്ഞ് 15,799.10.ല്‍ അവസാനിച്ചു. ഒരു ഘട്ടത്തില്‍ നേട്ടത്തിലെത്തിയ സൂചികകളാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടിഞ്ഞത്. അതിനിടെ ബ്രെന്റ് ക്രൂഡിന്റെ വില 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 118.38 ഡോളറിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളറിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണു സാധ്യത.