KERALALATEST

രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍; നാല് സിംകാര്‍ഡുകള്‍ ഉപയോഗിച്ചു

ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചകേസില്‍ അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തി. നാല് സിംകാര്‍ഡുകള്‍ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതില്‍ ഒന്ന് ഒഴിവാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. രേഷ്മ എത്ര മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്‌സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്‍ പറഞ്ഞു.
ഏറെസമയവും ഫോണ്‍ ചാറ്റിങ്ങില്‍ തുടരുന്നതിനു വഴക്കിട്ട് ഭര്‍ത്താവ് വിഷ്ണു രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചിരുന്നു. ഇതിനുശേഷം വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയുടെ സിംകാര്‍ഡാണ് രേഷ്മ ഉപയോഗിച്ചത്. ഇതിനെക്കുറിച്ച് അറിയുന്നതിനായി പാരിപ്പള്ളി പോലീസ് വിളിപ്പിച്ചദിവസമാണ് ആര്യ ബന്ധുവായ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യചെയ്തത്. ആത്മഹത്യക്കായി ഇറങ്ങിയപ്പോള്‍ ആര്യ കൈയില്‍ കരുതിയിരുന്ന ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആര്യ ഉപയോഗിച്ചിരുന്ന സിമ്മിന്റെ നമ്പരുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീഷ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരും പോലീസിന് ലഭിച്ചിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്തി രേഷ്മയുടെയും ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന സാമൂഹികമാധ്യമങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. രേഷ്മയും ആര്യയും ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി ഒന്നിച്ച് സന്ദേശങ്ങള്‍ അയയ്ക്കുകയും കമന്റിടുകയും ചെയ്തതായും പോലീസ് സംശയിക്കുന്നു.
ഗള്‍ഫില്‍നിന്നെത്തിയ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ക്വാറന്റീനിലാണ്. വിഷ്ണുവിനെയും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിനെയും ഗ്രീഷ്മയുടെ ബന്ധുക്കളെയും വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker