BREAKINGINTERNATIONAL

രോഗിയുടെ തല സര്‍ജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടര്‍ അനുവദിച്ചെന്ന് ആരോപണം; സംഭവം ഓസ്ട്രിയയില്‍

ഓപ്പറേഷന്‍ സമയത്ത് രോഗിയുടെ തലയോട്ടിയില്‍ ഒരു ദ്വാരം തീര്‍ക്കാന്‍ ഡോക്ടര്‍ തന്റെ 13 വയസ്സുള്ള മകളെ അനുവദിച്ചെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയില്‍ 33 വയസ്സുള്ള ഒരാള്‍ അപകടത്തെ തുടര്‍ന്നാണ് ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രവേശിക്കപ്പെട്ടത്. ഓപ്പറേഷന് മുമ്പ് സര്‍ജന്‍ തന്റെ മകളെ പരിക്കേറ്റയാളുടെ തലയില്‍ ദ്വാരമിടാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം. അന്വേഷണം നേരിടുന്ന വനിതാ ന്യൂറോ സര്‍ജന്റെ പേര് സുരക്ഷാ കാരണങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആരോപണം ഉയര്‍ന്നെങ്കിലും സര്‍ജറി വിജയകരമായിരുന്നെന്നും രോഗി സുഖപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓപ്പറേഷന്‍ തീയ്യറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത ആളെ സര്‍ജറിക്ക് ഉപയോഗിച്ചതിനെ കുറിച്ച് ഗ്രാസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ അജ്ഞാത പരാതി ലഭിച്ചെങ്കിലും സംഭവം ജൂലൈ വരെ മറച്ചുവെയ്ക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പരാതി മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ നടത്തിയ സര്‍ജനെയും അവരെ സഹായിച്ച സീനിയര്‍ സര്‍ജനെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി ഗ്രാസ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഒപ്പം ശസ്ത്രക്രിയാ വേളയില്‍ ഡോക്ടറോടൊപ്പമുണ്ടായിരുന്ന അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ ‘ശിക്ഷാര്‍ഹമായ ഒരു പ്രവൃത്തി തടയുന്നതില്‍ പരാജയപ്പെട്ടു’ എന്ന കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, തന്റെ തലയോട്ടി സര്‍ജറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും പങ്കെടുത്തു എന്നതിനെ കുറിച്ച് മാധ്യമ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്ന് അന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്റെ ക്ലൈറ്റിന് ഇത് മൂലമുണ്ടായ വേദനയ്ക്കും കഷ്ടപ്പാടുകള്‍ക്കും നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പീറ്റര്‍ ഫ്രീബര്‍ഗര്‍ മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും പീറ്റര്‍ ആരോപിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ശസ്ത്രക്രിയയില്‍ പങ്കെടുത്തു എന്നതിന് വ്യക്തമായ തെളിവില്ലെന്നായിരുന്നു സംഭവത്തോട് പ്രതികരിക്കവെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഗ്രാസ് അറിയിച്ചത്. അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button