BREAKING NEWSNATIONAL

കര്‍ഷക സമരം തുടരും; ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും

ന്യൂഡല്‍ഹി: ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍. പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ച(യുടേതാണ് തീരുമാനം. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കോര്‍ കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിലാണ് ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. 40 ഓളം കര്‍ഷക യൂണിയനുകള്‍ അടങ്ങുന്നതാണ് സംയുക്ത കിസാന്‍ യൂണിയന്‍. നവംബര്‍ 29 നാണ് ട്രാക്ടര്‍ റാലി തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ നിശ്ചയിച്ചതു പ്രകാരം ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകുമെന്നും കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷികം ആചരിക്കുമെന്നും സമിതി വ്യക്തമാക്കി. സമരം തുടരാനാണ് തീരുമാനം. നാളെ സമിതിയുടെ പ്രധാന യോഗം വീണ്ടും ചേരും. നവംബര്‍ 22 ന് ലഖ്‌നൗവില്‍ മഹാപഞ്ചായത്തും 26 ന് ഗാസിപൂര്‍സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധവും നവംബര്‍ 29 ന് ട്രാക്ടര്‍ റാലിയും ആസൂത്രണം ചെയ്തതുപോലെ നടക്കും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏകപക്ഷീയമായ സംഭാഷണമാണ് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും യോഗത്തിന് ശേഷം കര്‍ഷക സമര നേതാക്കള്‍ വ്യക്തമാക്കി.
കര്‍ഷകവിരുദ്ധ നിയമപ്രക്ഷോഭത്തിന്റെ ഒരു വര്‍ഷം പ്രമാണിച്ച് നവംബര്‍ 29ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ എല്ലാ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റിലേക്കുള്ള സമാധാനപരമായ ട്രാക്ടര്‍ മാര്‍ച്ചുകളില്‍ പങ്കെടുക്കുമെന്ന് എസ്‌കെഎം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
കര്‍ഷക സമരത്തില്‍ 700ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സര്‍ക്കാരിന് ഈ തീരുമാനം നേരത്തെ എടുക്കാമായിരുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന എസ്‌കെഎം മീറ്റിംഗില്‍ തങ്ങള്‍ യോഗം ചേരുകയും ഞങ്ങളുടെ ഭാവി നടപടി തീരുമാനിക്കുകയും ചെയ്യുമെന്നുമായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത് രാവിലെ പ്രതികരിച്ചത്.
ഗുരുനാനാക് ജയന്തി ദിനമായ ഇന്നലെയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം പൂര്‍ണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker