BREAKINGKERALANRI
Trending

റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടര്‍ന്ന് കുടുംബം; നിയമ സഹായ സമിതി ആശങ്കയില്‍, ഇന്ന് യോഗം

റിയാദ്: സൗദി ജയിലിലല്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍റഹീമിനെ ഉമ്മയുള്‍പ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാന്‍ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും. നിയമസഹായ സമിതിയെ സംശയ നിഴലിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന തോന്നല്‍ സമിതിക്കുണ്ട്. കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടര്‍ന്നുള്ള പരിപാടികള്‍ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി വ്യക്തമാക്കി. ഈ വരുന്ന 17 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റഹീം പ്രതികരിച്ചു. ജയിലില്‍ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലില്‍ വന്നിരുന്നു. ജയില്‍ അധികൃതര്‍ കാണാന്‍ അവസരം ഒരുക്കിയെങ്കിലും തന്റെ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായി. അപ്പോള്‍ തന്നെ മരുന്ന് കഴിച്ചു.
18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂനിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എന്റെറ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ജയിലില്‍ ഉമ്മയെ കാണുമ്പോള്‍ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മക്കും രക്തമ്മര്‍ദം ഉള്‍പ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്‌നങ്ങളുണ്ടാക്കും.
അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവില്‍ ഉമ്മയുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വീഡിയോ കോളില്‍ കണ്ടു. അത് പോലും എനിക്ക് മനസിക പ്രയാസമുണ്ടാക്കി. ബി.പി കൂടാനും മറ്റ് പ്രയാസങ്ങള്‍ക്കും അത് കാരണമായി. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതില്‍ ഒരാള്‍ക്കും പങ്കില്ല -റഹീം സുഹൃത്തുക്കളോട് പറഞ്ഞു.

Related Articles

Back to top button