BREAKINGKERALA
Trending

റഹീമിന്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച പൂര്‍ണ്ണമായ കണക്കുകള്‍ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.
ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടില്‍ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടില്‍ തിരിച്ചെത്തിയ ശേഷം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നു. ഇത് അടിസ്ഥാന രഹിതമാണ്. റഹീമിന്റെ മാതാവിനും കുടുംബത്തിനും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നും റഹീമിന്റെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രസ്റ്റ് പറഞ്ഞു.
അതേസമയം, അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. മകനെ ജയിലില്‍ വെച്ച് കാണാന്‍ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരന്‍ നസീറിനും നല്‍കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിയമപോരാട്ടത്തിനും ദിയാധന സ്വരൂണത്തിനുമെല്ലാം രംഗത്തിറങ്ങിയവരാണ് റിയാദിലെ നന്മയുള്ള പ്രവാസി സമൂഹം. അവരുടെ പ്രാതിനിധ്യമാണ് സഹായസമിതിക്കുള്ളത്.
കഴിഞ്ഞ 18 വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനമാണ്. നവംബര്‍ 17-ന് ശുഭകരമായ ഒരു കോടതി ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍. മോചനം നേടി അബ്ദുല്‍ റഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ട. അതിന് ആര്‍ത്തിപൂണ്ട് വിവാദത്തിന്റെ പുകമറ സൃഷ്ടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെ. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ ഡി പാലസ് ഹോട്ടലിലാണ് സ്വീകരണ പരിപാടി ഒരുക്കിയത്.
‘റഹീമിന്റെ ഉമ്മക്കൊപ്പം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് റിയാദ് പൊതുസമൂഹം സാക്ഷിയായത്. കഴിഞ്ഞ 18 വര്‍ഷക്കാലം നിയമസഹായ സമിതി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നടത്തിവരുന്ന അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. കുടുംബം സൗദിയിലേക്ക് വരുന്നതിന് മുമ്പ് സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് നാട്ടിലുണ്ടായിട്ടു പോലും അദ്ദേഹത്തെയോ സമിതിയിലെ മറ്റുള്ളവരെയോ അറിയിക്കാതെ പോന്നത് ദുഃഖമുണ്ടാക്കിയെന്ന് നസീറിനെയും അമ്മാവന്‍ അബ്ബാസിനെയും സമിതി അംഗങ്ങള്‍ നേരിട്ട് അറിയിച്ചു. നിയമ സഹായ സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഒരു നിലക്കും സഹകരിക്കാതെ സമിതിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂടെ റഹീമിന്റെ കുടുംബം ആദ്യം നിന്നത് വേദനിപ്പിക്കുന്നതായി.
അതുപോലെ വസ്തുതകള്‍ അറിയാതെ യൂട്യൂബര്‍മാരും മറ്റും ചേര്‍ന്ന് സമിതിക്കെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ റഹീമിന്റെ മോചനത്തിന് വേണ്ടി പരിശ്രമിച്ച റിയാദിലെ പൊതുസമൂഹത്തെയും വേദനിപ്പിച്ചു എന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികം ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും രേഖകള്‍ സഹിതം സമിതിയംഗങ്ങള്‍ കുടുംബത്തിന് കാണിച്ചുകൊടുക്കുകയും വിശദീകരിക്കുകയും ചെയ്തു.

Related Articles

Back to top button