TECHGADGETS

റിയല്‍മിയും ലാപ്‌ടോപ്പ് വിപണിയിലേക്ക്; ടീസര്‍ ചിത്രം പോസ്റ്റ് ചെയ്ത് കമ്പനി സിഇഓ

കൊറോണ വൈറസിന്റെ വരവും പിന്നീടുണ്ടായ ലോക്ക്ഡൗണും മൂലം വര്‍ക്ക് ഫ്രം ഹോം രീതി തൊഴില്‍ മേഖലയില്‍ സര്‍വ സാധാരണമായി. ഇതോടൊപ്പം തഴച്ചുവളരുന്ന ഒന്നാണ് ലാപ്‌ടോപ്പ് ബിസിനസ്സ്. വിപണിയുടെ ഈ സാദ്ധ്യത കണ്ടറിഞ്ഞ് നിരവധി ടെക് കമ്പനികളാണ് ഇന്ത്യയില്‍ ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷഓമി തങ്ങളുടെ ആദ്യ ലാപ്‌ടോപ്പ് എംഐ 14 നോട്ട്ബുക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം പ്രശസ്തമായ വയോ ലാപ്‌ടോപിന്റെ തിരിച്ചുവരവിനും നോക്കിയ ലാപ്‌ടോപിന്റെ ലോഞ്ചിന് രാജ്യം സാക്ഷ്യം വഹിച്ചു. അവിടെയും അവസാനിക്കുന്നില്ല. പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച് റിയല്‍മിയാണ് ലാപ്‌ടോപ്പ് വിപണി ലക്ഷ്യം വയ്ക്കുന്നത്.
കമ്പനിയുടെ ഇന്ത്യ, യൂറോപ്പ് സിഈഓ മാധവ് സേത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് റിയല്‍മി ലാപ്‌ടോപ്പ് ഉടനെത്തും എന്ന സൂചനകള്‍ നല്‍കുന്നത്. ആപ്പിളിന്റെ മാക്ബുക്കിന് സമാനമായ ഫിനിഷുള്ള ഒരു ഡിവൈസ് ആണ് പേപ്പര്‍ ബാഗിനുള്ളിലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം പുതിയ ഡിവൈസ് ലാപ്‌ടോപ്പ് ആണ് എന്നുള്ളത് ഏറെക്കുറെ ഉറപ്പിക്കുന്നു. ഒപ്പം ധാരാളം ബൈനറി കോഡുകളും മാധവ് സേത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഹലോ വേള്‍ഡ് എന്നാണ്. ഇത് പുതിയ ഒരു ഡിവൈസ് ആണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന സൂചന നല്‍കുന്നു.
ജൂണില്‍ റിയല്‍മി ലാപ്‌ടോപ്പ് വിപണിയിലേക്കിറങ്ങാന്‍ സാധ്യതയുണ്ട് ഈ വര്‍ഷം ജനുവരിയില്‍ ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ റിയല്‍മി കമ്മ്യൂണിറ്റി പേജില്‍ ലാപ്‌ടോപ്പ് അവതരിപ്പിക്കുന്നതിനെപ്പറ്റി കഴിഞ്ഞ മാസം സര്‍വേയും നടത്തിയിരുന്നു. ഇതെല്ലം റിയല്‍മി ലാപ്‌ടോപ്പ് ഉടന്‍ വിപണിയിലെത്തും എന്നുറപ്പിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker