BREAKINGNATIONAL

റീല്‍സിനും ഷോട്ട്‌സിനുമായി ഹെല്‍മറ്റില്‍ കാമറ ഘടിപ്പിച്ചു; കാമറ പരിശോധിച്ച് പോലീസ് ചാര്‍ത്തിയത് 86 കുറ്റങ്ങള്‍

റോഡില്‍ വാഹനമോടിക്കുന്നതിന് ഏതാണ്ടെല്ലായിടത്തും നിയമം ഒരു പോലെയാണെങ്കിലും ചില വ്യത്യസങ്ങള്‍ പ്രകടമാണ്. ലൈസന്‍സ് പ്ലേറ്റോ മറ്റ് സാധുവായ പെര്‍മിറ്റോ ഇല്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് ഈ വര്‍ഷം മെയ് മാസത്തിലാണ് ഡെന്‍മാര്‍ക്ക് പോലീസ് ഒരു 29 -കാരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ബൈക്ക് യാത്രികന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറ പരിശോധിച്ച പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഹെല്‍മറ്റിലെ കാമറയില്‍ നിന്നും ലഭിച്ചത് നിരവധി നിയമലംഘന തെളിവുകള്‍. ഇതോടെ യുവാവിനെതിരെയുള്ള കുറ്റപത്രം പോലീസ് പുതുക്കി. സെപ്തംബര്‍ 14 ന് ഡെന്‍മാര്‍ക്ക് പോലീസ് പുറത്ത് വിട്ട പുതിയ കുറ്റപത്രത്തില്‍ ഇയാള്‍ക്കെതിരെ 86 കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ജയില്‍ ശിക്ഷയെങ്കിലും കിട്ടാവുന്ന കുറ്റങ്ങളാണ് മിക്കതുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ റീലും ഷോട്ട്‌സും നിര്‍മ്മിക്കുന്നതിനായിരുന്നു ഇയാള്‍ ഹെല്‍മറ്റില്‍ കാമറ ഘടിപ്പിച്ചത്. എന്നാല്‍ അത് ഇത്രയും വലിയ പണിതരുമെന്ന് അദ്ദേഹം കരുതിയില്ല. ഇയാളുടെ ഹെല്‍മറ്റ് കാമറയിലെ മണിക്കൂറുകളോളമുള്ള ദൃശ്യങ്ങളില്‍ നിയമ ലംഘനത്തിന്റെ നിരവധി തെളിവുകളുണ്ടെന്ന് ഡെന്‍മാര്‍ക്കിലെ പോലീസിലെ അമ്രിക് സിംഗ് ഛദ്ദ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ അവനവന്‍ ചെയ്ത നിയമലംഘനങ്ങളുടെ തെളിവുകള്‍ അവനവന്‍ തന്നെ പോലീസിന് നല്‍കിയ അവസ്ഥയിലായി യുവാവ്. അമിതവേഗത, അപകടകരമായ സ്റ്റണ്ടുകള്‍ നടത്തുക, മറ്റുള്ളവരെ അപകടത്തിലാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ആദ്യം ഇയാള്‍ക്കെതിരെ 25 പ്രാഥമിക നിയമലംഘനങ്ങളാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഹെല്‍മറ്റ് കാമറ പരിശോധിച്ചതിന് പിന്നാലെ പോലീസ് ഇയാള്‍ക്കെതിരെ 86 കുറ്റങ്ങള്‍ ചാര്‍ത്തി. ഇതില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് മാത്രം 38 കുറ്റങ്ങളാണ് ചാര്‍ത്തിയത്. മിക്കതും വേഗപരിധിയുടെ 100 ശതമാനം കടന്നതിന്. അതായത് മണിക്കൂറില്‍ 200 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയില്‍ വാഹനമോടിച്ചതിന്. മറ്റ് ചില കുറ്റങ്ങള്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന്. 2021-ല്‍ കൊണ്ടുവന്ന പുതിയ റോഡ് നിയമം, കനത്ത പിഴ ചുമത്തുന്നതിനും ഡ്രൈവറുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും പുറമെ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസിന് അധികാരം നല്‍കുന്നു.

Related Articles

Back to top button