ബെംഗളൂരു: ബെംഗളൂരു ഭീകരാക്രമണ ആസൂത്രണക്കേസില്‍ എന്‍.ഐ.എ. തേടിവന്നയാള്‍ ആഫ്രിക്കന്‍രാജ്യമായ റുവാണ്‍ഡയില്‍ അറസ്റ്റിലായി. ഭീകരവാദസംഘടനയായ ലഷ്‌കറെ തൊയ്ബയിലെ സല്‍മാന്‍ റഹ്‌മാന്‍ ഖാന്‍ (29) ആണ് പിടിയിലായത്. ബെംഗളൂരു വി. നാഗേനഹള്ളി സ്വദേശിയാണിയാള്‍.
റുവാണ്‍ഡയിലെ കിഗാലിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്ത ഇയാളെ ഇന്ത്യക്ക് കൈമാറി. ഇയാളെ വ്യാഴാഴ്ച ഇന്ത്യയിലെത്തിച്ചതായി സി.ബി.ഐ. അറിയിച്ചു. സി.ബി.ഐ.യും എന്‍.ഐ.എ.യും ചേര്‍ന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ഫലം കണ്ടത്.
ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ ആയുധങ്ങളും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും എത്തിച്ചുകൊടുക്കാന്‍ സഹായിച്ചയാളാണ് സല്‍മാന്‍ റഹ്‌മാന്‍ ഖാനെന്ന് സി.ബി.ഐ. അറിയിച്ചു. ബെംഗളൂരു ഹെബ്ബാള്‍ പോലീസ് സ്റ്റേഷനില്‍ ഇയാളുടെപേരില്‍ കേസെടുത്തിരുന്നു. 2023-ലാണ് കേസ് എന്‍.ഐ.എ. ഏറ്റെടുത്തത്. ഭീകരാക്രമണക്കേസില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. 2018-ല്‍ പോക്‌സോ കേസില്‍ പ്രതിയായി ഇയാള്‍ ജയിലില്‍ കഴിയുമ്പോഴാണ് നസീറുമായി പരിചയപ്പെടുന്നത്. നസീറാണ് ഇയാളെ ഭീകരസംഘടനയിലേക്ക് കൊണ്ടുവന്നതെന്നും കണ്ടെത്തി.
ഭീകരാക്രമണത്തിന് നടത്തിയ ആസൂത്രണം പോലീസ് തകര്‍ത്തതോടെ സല്‍മാന്‍ റഹ്‌മാന്‍ഖാന്‍ രാജ്യംവിടുകയായിരുന്നു. പിന്നീട് എന്‍.ഐ.എ. ഇയാളുടെപേരില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ഇയാള്‍ക്കുവേണ്ടി എന്‍.ഐ.എ. അഭ്യര്‍ഥന പ്രകാരം സി.ബി.ഐ. ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് അയച്ചുകൊടുത്തു. ഇതുപ്രകാരമാണ് കിഗാലിയിലെ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റുചെയ്തത്.
അടുത്തിടെ കേരള പോലീസ് അന്വേഷിച്ചുവന്ന ഒരു പ്രതിയെയുള്‍പ്പെടെ രണ്ടുപേരെ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിച്ചിരുന്നു. പോക്‌സോ കേസില്‍ പട്ടാമ്പി പോലീസ് അന്വേഷിച്ചുവന്ന റൈഹാന്‍ അറബിക്കളരിക്കല്‍ എന്നയാളെ നവംബര്‍ 10-ന് ഇന്ത്യയിലെത്തിച്ചു. 2012-ലെ കലാപക്കേസില്‍ സി.ബി.ഐ. അന്വേഷിച്ചുവന്ന ബര്‍ക്കത്ത് അലിഖാനെ നവംബര്‍ 14-ന് തിരിച്ചെത്തിച്ചു.
47 1 minute read