KERALALATEST

റെക്കോര്‍ഡുകളുടെ രാജ്ഞി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡുകളുടെ ഉടമയാണ് ഗൗരിയമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ഗൗരിയമ്മ 2006 മാര്‍ച്ച് 31 വരെ 16,832 ദിവസം നിയമസഭാ അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ഏക വനിത. പ്രായംകൂടിയ മന്ത്രി തുടങ്ങി ഗൗരിയമ്മയ്ക്കു വിശേഷണങ്ങളേറെയാണെങ്കിലും മറ്റാര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത റെക്കോര്‍ഡും ഗൗരിയമ്മയ്ക്കുണ്ട്.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭകളില്‍ ഗൗരിയമ്മ അംഗമായിരുന്നു. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്നിട്ടുള്ള 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 ലും വിജയിച്ചു. 11 തവണ നിയമസഭാ അംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 കാലങ്ങളിലെ തെരഞ്ഞെടുപ്പിലുമാണ് പരാജയമറിഞ്ഞത്.
സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തലയില്‍ നിന്നാണ് ഗൗരിയമ്മ മത്സരിച്ച് വിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തലയില്‍ നിന്നുതന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു ഗൗരിയമ്മയുടെ പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി അരൂരില്‍ നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1967, 80, 87 വര്‍ഷങ്ങളില്‍ മന്ത്രിയുമായി. സി.പി.എമ്മില്‍ നിന്നു പുറത്തുവന്ന് ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996 ലും 2001ലും ജെ.എസ്.എസ് സ്ഥാനാര്‍ത്ഥിയായി അരൂരില്‍ നിന്നു വീണ്ടും വിജയിച്ചു.
1957ലായിരുന്നു പ്രഥമ കേരള മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസുമായുള്ള വിവാഹം നടന്നത്. നിയമസഭയിലെ മന്ത്രിദമ്പതിമാര്‍ എന്നാണ് ഗൗരിയമ്മയും ടി.വി തോമസും അറിയപ്പെട്ടിരുന്നത്. 1919 ജൂലൈ 14ന് പട്ടണക്കാട് ഗ്രാമത്തില്‍ കെ.എ. രാമന്റേയും പാര്‍വതിയുടേയും മകളായി ജനിച്ച ഗൗരിയമ്മ ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തന രംഗത്തെത്തി. 100ാം വയസ്സു പിന്നിട്ടിട്ടും ഊര്‍ജ്ജസ്വലയായി രാഷ്ടീയ പാര്‍ട്ടിയെ നയിച്ച വനിത ഇന്ത്യയില്‍ തന്നെ ചരിത്രമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker