FOOTBALLSPORTSUncategorized

റെക്കോർഡുകൾ തകർക്കുവാൻ ഒരുങ്ങി റോബർട്ട് ലെവൻഡോസ്കി

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16ന്റെ രണ്ടാം പാദത്തിൽ അലിയാൻസ് അരീനയിൽ ബയേൺ മ്യൂണിക് ലാസിയോയെ നേരിടുമ്പോൾ റോബർട്ട് ലെവൻഡോസ്കിക്ക് അത് ഒരു നാഴികക്കല്ലിലെത്താൻ അവസരം കൂടിയാണ്. തുടരെ അറാം സീസണിലും ഒരൊറ്റ കാമ്പെയ്‌നിൽ എല്ലാ ടൂർണമെന്‍റുകളിലും തന്റെ ക്ലബിനായി 40 ഗോളുകൾ നേടുക. 2020/21 സീസണിലെ 34 കളികളിൽ നിന്ന് 38 ഗോളുകളിലാണ് ബയേൺ ഫോർവേഡ് ഇതുവരെ നേടിയിട്ടുള്ളത്. ലെവൻഡോസ്കിയുടെ ഇപ്പോഴത്തെ ഫോം വച്ച് ലാസിയോയുമായുള്ള മത്സരത്തിൽ തന്നെ അദ്ദേഹത്തിന് ഈ നേട്ടത്തിൽ എത്തുവാൻ സാധിക്കും. ലസിയോയുടെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ 4-1ന്‍റെ ലീഡ് നേടിയ ബയേൺ ആത്മവിശ്വാസത്തോടെയാകും ലാസിയോയെ നേരിടാൻ ഇറങ്ങുക. ഇനി അഥവാ ഈ കളിയിൽ സ്കോർ ചെയ്തില്ലെങ്കിലും, ലെവാൻഡോവ്സ്കിക്ക് ഈ റെക്കോർഡിൽ എത്താൻ അധിക സമയം വേണ്ടി വരില്ല. വലിയ പരുക്കൊന്നും പറ്റിയില്ലെങ്കിൽ ഒന്നോ രണ്ടോ മത്സരത്തിൽ നിന്ന് തന്നെ താരം ഈ റെക്കോഡിലേക്ക് എത്തും.

40- ഈ സംഖ്യയുടെ പ്രാധാന്യം നമുക്ക് മനസ്സിലാവുക ഈ തലമുറയിലെ രണ്ട് മികച്ച ഫുട്ബോൾ കളിക്കാരുമായി ലെവൻഡോസ്‌ക്കിയെ താരതമ്യം ചെയ്യുമ്പോൾ മനസ്സിലാവും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒമ്പത് തവണ 40 അല്ലെങ്കിൽ അതിലധികമോ ഗോൾ എല്ലാ ടൂർണമെന്‍റുകളിൽ നിന്നുമായി തന്‍റെ ക്ലബ്ബിന് വേണ്ടി നേടിയിട്ടുണ്ട്. എട്ട് തവണ റയൽ മാഡ്രിഡിനും ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനും. ലയണൽ മെസ്സി ബാഴ്സലോണയിൽ 10 സീസണുകളിൽ ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്.

റൊണാൾഡോ-മെസ്സി കാലഘട്ടത്തിൽ കളിക്കുന്നതിനാൽ ലെവാൻഡോവ്സ്കിയുടെ ഗോൾ നേടാനുള്ള മികവ് ഇരുവരുടെയും നിഴലിൽ മറഞ്ഞു പോയെക്കാം, പക്ഷേ അദേഹത്തിന്‍റെ കഴിവ് ശരിക്കും അംഗീകാരം അർഹിക്കുന്നു. കഴിഞ്ഞ സീസണിൽ, എല്ലാ ടൂർണമെന്‍റുകളിൽ നിന്നും അദ്ദേഹം നേടിയത് 55 ഗോളുകളാണ്. ബയേണിന്റെ ട്രെബിൾ വിജയത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. കോവിഡ് മഹാമാരി കാരണം ബാലൺ ഡി ഓർ പുരസ്ക്കാര ദാനം റദ്ദാക്കിയത് അദ്ദേഹത്തിന് ഒരു നഷ്ടമാണെങ്കിലും ഫിഫ അദ്ദേഹത്തെ മികച്ച പുരുഷ കളിക്കാരനായി പ്രഖ്യാപിച്ചു. എന്നാൽ ലെവാൻഡോവ്സ്കിയെ ഇന്ന് ലോകത്തിലെ ഏറ്റവും ശക്തനായ 9ാം നമ്പർ കളിക്കാരനാക്കുന്നത് അദ്ദേഹം ഗോൾ നേടുന്നതിൽ കൈവരിച്ച സ്ഥിരത തന്നെയാണ്.

32 കാരനായ പോളണ്ട് ദേശീയ താരം കഴിഞ്ഞ വാരാന്ത്യത്തിൽ ബുണ്ടെസ് ലിഗയിൽ ജർമ്മൻ ഇതിഹാസമായ ക്ലോസ് ഫിഷറിന്‍റെ – 268 ഗോളുകൾക്ക് ഒപ്പമെത്തി- ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററായി. ലെവൻഡോസ്കി ഫിഷറിനേക്കാൾ 220 മത്സരങ്ങൾ കുറച്ച് കളിച്ചാണ് ഈ നേട്ടത്തിൽ എത്തിയത്. ലെവൻഡോസ്കി എന്ന കളിക്കാരന്‍റെ പ്രതിഭ എത്രത്തോളം ഉണ്ടെന്ന് നമുക്ക് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഇനി ലെവൻഡോസ്കിയുടെ മുന്നിലുള്ളത് 427 കളികളിൽ നിന്ന് 365 തവണ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡാണ്. ഇതിലേക്ക് എത്താൻ താരത്തിന് ഇനി വേണ്ടത് 97 ഗോളുകൾ മാത്രം. ലീഗിൽ ഓരോ ഗോൾ നേടാൻ എടുക്കുന്ന സമയത്തിന്‍റെ കാര്യത്തിൽ പക്ഷേ ലെവൻഡോസ്‌കി മുള്ളറെക്കാൾ അൽപ്പം മുന്നിലാണ്. മുള്ളർ ഓരോ 105 മിനുട്ടിൽ ആണ് ഒരു ഗോൾ നെടുന്നതെങ്കിൽ ഓരോ 103 മിനുട്ടിലും ലെവൻഡോസ്കി ഒരു ഗോൾ നേടുന്നു.

മുള്ളറുടെ മറ്റൊരു റെക്കോർഡും തകർക്കാൻ ഉള്ള പുറപ്പാടിലാണ് പോളിഷ് താരം. ഈ റെക്കോർഡ് തകർക്കാൻ‌ കഴിയില്ലെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. 1971/72 ബുണ്ടെസ് ലിഗ സീസണിൽ 40 ഗോളുകൾ നേടിയ മുള്ളറുടെ റെക്കോർഡ് മിക്കവാറും ഈ സീസൺ തീരുന്നതോടെ പഴങ്കഥയാകും. ഈ സീസണിൽ 24 ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് ഒമ്പത് ഗോളുകൾ കൂടി നേടിയാൽ ഈ നേട്ടം മറികടക്കാം. ഒരു കളിക്കാരനും ഒരു സീസണിൽ ഇത്രയും തവണ സ്‌കോർ ചെയ്തിട്ടില്ല. ഈ സീസണിൽ ബയേണിന് ലീഗിൽ ഒമ്പത് മത്സരങ്ങൾ ബാക്കിയുണ്ട്. അതിനാൽ തന്നെ ഈ റെക്കോർഡ് മറികടക്കാൻ ലെവൻഡോസ്കിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker