തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും അടൂര്‍ എംഎല്‍എയും ചിറ്റയം ഗോപകുമാറും ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. അലൈന്‍മെന്റ് മാറ്റണമെന്ന നിലപാട് സിപിഎം കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസും ആവര്‍ത്തിച്ചു. എന്നാല്‍ മാറ്റം പ്രയോഗികമല്ലെന്നാണ് കെആര്‍എഫ്ബി ഉദ്യോഗസ്ഥരുടെ നിലപാട്.
മന്ത്രിയുടെ ഭര്‍ത്താവിന് വേണ്ടി ഓടയുടെ ഗതിമാറ്റിയെന്ന് ആരോപിച്ച് പഞ്ചായത്തും പിന്നീട് കോണ്‍ഗ്രസും നിലവില്‍ നിര്‍മാണം തടഞ്ഞിരിക്കുകയാണ്. തര്‍ക്കം ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് സ്ഥലം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ചര്‍ച്ച വിളിച്ചത്. അലൈന്‍മെന്റ് മാറ്റണമെന്ന നിലപാട് പഞ്ചായത്തും കോണ്‍ഗ്രസും ആവര്‍ത്തിച്ചു. എന്നാല്‍, അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ ആര്‍ എഫ് ബി ഉദ്യോഗസ്ഥരും നിലപാടെടുത്തു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ തീരുമാനിച്ചത്.
അലൈന്‍മെന്റ് തയ്യാറാക്കിയപ്പോള്‍ പരാതികള്‍ ഉണ്ടായിരുന്നില്ലെന്നാണ് കെ ആര്‍ എഫ് ബി നിലപാട്. അതേസമയം തര്‍ക്ക മേഖലയിലെ പുറമ്പോക്ക് അളന്ന് തിരിക്കും. കെട്ടിട ഉടമ ജോര്‍ജ് ജോസഫും സ്ഥലം അളന്നു തിരിക്കണം എന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിവേഗം തര്‍ക്കം പരിഹരിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
1,125 Less than a minute