KERALALATEST

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു തിരിച്ചടി; വധശ്രമക്കേസിലെ സ്‌റ്റേ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചു.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ആറാഴ്ചത്തേക്ക് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നത് ജസ്റ്റിസുമാരായ ബിവി നഗരത്‌നയും ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ച് തടഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിക്കെതിരായ ഫൈസലിന്റ അപ്പീലിലും അതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം.

മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി വന്നതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.

കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിനെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷാ വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker