BREAKING NEWSKERALA

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് നിരവധി ഹര്‍ജികളാണ് ഹൈക്കോടതി മുമ്പാകെ പരിഗണനയ്‌ക്കെത്തിയത്.
നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്‌കൂളുകളില്‍ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്നു മാത്രമാണ് നിര്‍ദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നടപടി.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ ദ്വീപിന്റെ പാരമ്പര്യ–സാംസ്‌കാരിക തനിമയ്ക്കു കോട്ടം വരുത്തിയെന്നു കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഭരണ പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരടു മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കോവിഡ് എസ്ഒപി, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്‌ക്കെതിരായ ഹര്‍ജികളും കോടതി തള്ളിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker