BREAKING NEWSLATESTNATIONAL

ലഖിംപുര്‍ അന്വേഷണം; മെല്ലപ്പോക്ക് അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകരുതെന്ന് സുപ്രീം കോടതി. അന്വേഷണം മന്ദഗതിയിലാക്കാന്‍ ഉള്ള ശ്രമം യുപി പോലീസ് നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ടിനായി ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ കാത്തിരുന്നു എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു.
അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ലഖിംപൂര്‍ സംഘര്‍ഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ എടുത്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്. അവസാന നിമിഷം റിപ്പോര്‍ട്ട് കൈമാറിയതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. ഹര്‍ജി ഇനി പരിഗണിക്കുന്ന ഒക്ടോബര്‍ 26 ന് മുമ്പായി പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker