ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസിലെ മുഖ്യ കുറ്റാരോപിതന് ആശിഷ് മിശ്ര ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ജാമ്യം അനുവദിച്ചു. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര, കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സംഭവം നടന്നത് ഒക്ടോബര്‍ മൂന്നിനായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രശേിലെ ലംഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കു കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടുന്ന വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു.
കേസില്‍ ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. ശേഖര്‍ ഭാരതി ഒക്ടോബര്‍ 12നും അങ്കിത് ദാസ്, ലത്തീഫ് എന്നിവര്‍ പിറ്റേ ദിവസവും അറസ്റ്റിലായി. കേസില്‍ ഈ വര്‍ഷം ആദ്യം ആശിഷ് മിശ്രയ്ക്കും മറ്റു 13 പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു കേസിലെ ആദ്യ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും കുറ്റാരോപിതര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. രണ്ടു മാസത്തെ അന്വേഷണത്തിനുശേഷം ഡിസംബര്‍ 14നാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്.
അശ്രദ്ധ മൂലമാണ് സംഭവം നടന്നതെന്ന വാദം പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തള്ളിയ എസ്ഐടി കൊലപാതകം ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ പ്രവൃത്തിയായിരുന്നു ലഖിംപുര്‍ ഖേരിയിലേതെന്നു വ്യക്തമാക്കി.
ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ലഖിംപൂര്‍ ഖേരി അന്വേഷണവുമായി ബന്ധപ്പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ലഖിംപുര്‍ സംഭവം നടന്ന ഒക്ടോബര്‍ മൂന്നിനാണോ അതോ മറ്റൊരു ദിവസമാണോ വെടിയുതിര്‍ത്തതെന്നു വ്യക്തമല്ലെന്നാണു പൊലീസ് പറഞ്ഞിരുന്നത്.
സംഭവത്തിനിടെ വെടിയുതിര്‍ത്തതായി ഗ്രാമവാസികള്‍ ആരോപിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകനും തുടര്‍ന്നുണ്ടായ അക്രമത്തില്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍ക്കും വെടിയേറ്റ പരുക്കില്ലെന്നാണു പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍.