LATESTKERALA

ലതികാ സുഭാഷ് പത്രിക പിൻവലിയ്ക്കുന്നു? യാഥാർത്ഥ്യം വിശദീകരിച്ച് സ്ഥാനാർത്ഥി

കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ബുള്ളറ്റിൽ വോട്ടു തേടുകയാണ് ഏറ്റുമാനൂരിലെ കോൺഗ്രസ് വിമത ലതികാ സുഭാഷ് .വോട്ട് അഭ്യർഥനക്കൊപ്പം തെരഞ്ഞെടുപ്പ് ചെലവുകൾക്കായുള്ള സാമ്പത്തിക സഹായവും ലതിക വോട്ടർമാരോട് തേടുന്നു.

ഈയാവശ്യമുന്നയിച്ച് സ്ഥാനാർത്ഥി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് പ്രവർത്തകരടക്കം എത്തിയതോടെ കുറിപ്പ് വൈറലായി. വളരെ രൂക്ഷമായ രീതിയിലുള്ള വിമർശനങ്ങളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

മത്സരിക്കണമെന്ന് വിചാരിച്ചതല്ലെന്നും തന്നെ സ്നേഹിക്കുന്നവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മത്സരിക്കുന്നതെന്നും സമ്പാദ്യം വട്ടപൂജ്യമാണെന്ന് അറിയാവുന്നതുകൊണ്ട് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം കെട്ടി വെക്കാനുള്ള ക്യാഷ് പ്രവർത്തകർ പിരിച്ചെടുത്തു തന്നു എന്നും ലതിക പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വ്യക്തി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു ശേഷം നിരവധിപേർ സഹായം വാഗ്ദാനം അറിയിച്ചു എത്തുന്നുണ്ടെന്നും ലതിക വ്യക്തമാക്കി.

പത്രിക പിൻവലിയ്ക്കാനുള്ള അവസാന ദിനത്തിലും മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്ന് ലതിക പറഞ്ഞു. എ കെ ആന്‍റണി വിളിച്ചിരുന്നു.എന്നാല്‍ ആത്മാര്‍ഥതയോടെ വിളിക്കേണ്ട പല നേതാക്കളും വിളിച്ചില്ല. അവര്‍ക്കങ്ങനെ വിളിക്കാന്‍ പറ്റില്ല. പട്ടികയില്‍ പേരില്ല എന്ന് മുന്നേ പറയാനുള്ള മരാദ്യ പോലും അവര്‍ കാണിച്ചില്ല. കേരളത്തിലെ പ്രധാന മൂന്ന് നേതാക്കളും അത് പറയാന്‍ ബാധ്യസ്ഥരായിരുന്നു.

ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഏറ്റവും മുതിര്‍ന്ന നേതാവിനോട് ആദ്യമേയും, കെപിസിസി പ്രസിഡന്‍റിനോട് തൊട്ടടുത്ത ദിവസവും പറഞ്ഞതാണ്. ഒന്ന് ഫോണില്‍ ഇങ്ങോട്ട് വിളിച്ച്, ലതികേ… സീറ്റില്ല, ലതിക മത്സരത്തില്‍ നിന്ന് മാറിനില്‍ക്കണം… അങ്ങനെയൊക്കയല്ലേ പറയേണ്ടത്. മുമ്പ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണം എന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് എന്നോട് ആവശ്യപ്പെട്ടത്. അതുനസരിച്ച് പോയി മത്സരിച്ച് വയറുനിറച്ച് അപവാദം കേട്ടില്ലേ ലതിക പറയുന്നു.

ലതിക സുഭാഷ് എന്ന് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ ഇപ്പോഴും കാണാം ഒരു സ്‌ത്രീ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത എത്രയോ കാര്യങ്ങള്‍.എന്തിനാണ് ഇതൊക്കെ സഹിക്കുന്നത്.എനിക്ക് വേണ്ടി മാത്രമാണോ, പ്രസ്‌ഥാനത്തിനും കൂടി വേണ്ടിയല്ലേ സ്ഥാനാർത്ഥി പറയുന്നു.എന്തായാലും
സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ

ലതികാ സുഭാഷിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് ഏറ്റുമാനൂർ. സീറ്റ് ലഭിക്കാതെ വന്നതോടെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക, പ്രവർത്തകരുടെ കൺവെൻഷൻ വിളിച്ച് ചേർത്തതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നടത്തിയത്. ഏറ്റുമാനൂർ മണ്ഡലത്തിലെ നിയമസഭാ പോരാട്ടത്തിൽ ലതികയുടെ സ്ഥാനാർഥിത്വത്തിന് സമാനമായ ഒരു ചരിത്രമുണ്ട്. അത് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് ഒട്ടും ആശ്വാസം നൽകുന്നതല്ല എന്നതാണ് യാഥാർഥ്യം.

ഏറ്റുമാനൂർ നഗരസഭ, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കേരള കോൺഗ്രസിന് സ്വാധീനമുള്ള ഈ മണ്ഡലത്തിൽ സിപിഎം വിജയിച്ചത് മൂന്ന് തവണയാണ് 1980ൽ വൈക്കം വിശ്വനും 2011ലും 2016ലും സുരേഷ് കുറുപ്പും. ഇത്തവണ കേരളാ കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം എത്തിയ തെരഞ്ഞെടുപ്പായതിനാൽ സിപിഎം ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. എന്നാൽ യുഡിഎഫിനായി മത്സരിക്കുന്നത് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണെന്നതും ലതികാ സുഭാഷ് എന്ന കോൺഗ്രസ് നേതാവ് മത്സരരംഗത്ത് ഉണ്ട് എന്നതും പോരാട്ടം പ്രവചനാതീതമാക്കുകയാണ്.

Inline

ഇടത് പക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്തുകൾ ഏറ്റുമാനൂരിനൊപ്പം കൂട്ടിച്ചേർത്തതോടെയാണ് മണ്ഡലം ഇടതിന് അനുകൂലമായത്. എന്നിട്ടും 1991 മുതൽ നാല് തവണ മണ്ഡലത്തിൽ വിജയിച്ച തോമസ് ചാഴിക്കാടനെ സിപിഎം നേതാവ് സുരേഷ് കുറുപ്പ് 2011ൽ വീഴ്ത്തുന്നത് 1801 വോട്ടിനാണ്. സംസ്ഥാനത്താകെ ഇടത് തരംഗം ആഞ്ഞടിച്ച 2016ൽ സുരേഷ് കുറുപ്പ് സീറ്റ് നിലനിർത്തുന്നതാകട്ടെ 8,899 വോട്ടിന്. പക്ഷേ ഇത്തവണ കേരളാ കോൺഗ്രസ് എം ഇടതുപക്ഷത്തായതിനാൽ ആത്മവിശ്വാസത്തോടെയാണ് സിപിഎം നേതാവ് വിഎൻ വാസവൻ മത്സരത്തിനിറങ്ങുന്നത്.

മണ്ഡല പുനർ നിർണയത്തിന് ശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത സുരേഷ് കുറുപ്പിനെ തന്നെയാണ് 2016ലും സിപിഎം മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. യുഡിഎഫിനായി മുൻ എംഎൽഎ തോമസ് ചാഴിക്കാടനും എൻഡിഎയ്ക്കായി ബിഡിജെഎസിലെ എജി തങ്കപ്പനും മത്സരിച്ചു. 53,085 വോട്ടുകളുമായി സുരേഷ് കുറുപ്പ് ജയം ഉറപ്പാക്കിയപ്പോൾ ചാഴിക്കാടന്‍റെ പിന്തുണ 44,906 വോട്ടിൽ ഒതുങ്ങി. 2011ൽ വെറും 3,385 വോട്ടുണ്ടായിരുന്ന ബിജെപി, ബിഡിജെഎസ് സ്ഥാനാർഥിയിലൂടെ പിടിച്ചത് 27,540 വോട്ടുകൾ. സുരേഷ് കുറുപ്പ് 8,899 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സഭയിലെത്തി.

2016ലും സീറ്റ് നിഷേധത്തെ തുടർന്ന് ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയുണ്ടായിരുന്നു. തോമസ് ചാഴിക്കാടന് തന്നെ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മാണി വിഭാഗം നേതാവും ജനപ്രതിനിധിയുമായിരുന്ന ജോസ്‌മോന്‍ മുണ്ടയ്ക്കലായിരുന്നു യുഡിഎഫ് സ്ഥാനാർഥിയ്ക്കെതിരെ മത്സരിച്ചത്. 3,774 വോട്ടുകൾ പിടിച്ച ജോസ്മോൻ തോമസ് ചാഴിക്കാടന്‍റെ പരാജയം ഉറപ്പുവരുത്തുകയായിരുന്നു.

ലതികാ സുഭാഷിന്‍റെ കടന്ന് വരവ് മണ്ഡലം പിടിച്ചെടുക്കാനുള്ള യുഡിഎഫ് സ്വപ്നങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നത്. ലതിക കോൺഗ്രസ് വോട്ടുകൾ സമാഹരിച്ചാൽ അനായാസ ജയം നേടാമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷവും മുന്നോട്ട് പോകാൻ സാധ്യതയില്ല. കാരണം, ഇടത്- വലത് മുന്നണികളെ മാറ്റി നിർത്തി സ്വതന്ത്ര സ്ഥാനാർഥിയെ വിജയിപ്പിച്ച ചരിത്രമുള്ള നാടാണ് ഏറ്റുമാനൂർ. 1987ലായിരുന്നു ചരിത്രത്തിൽ ഇടംപിടിച്ച ആ പോരാട്ടം നടന്നത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിലും 1960ലും കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ നിന്ന് വിജയിച്ച ജോസഫ് ജോർജ് പൊടിപാറ എന്ന വ്യക്തിയാണ് 1987ൽ സ്വതന്ത്രനായി നിന്ന് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

1982ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തിരുന്നു. 1987ൽ കോൺഗ്രസിന് തിരികെ നൽകാമെന്ന ധാരണയോടെയായിരുന്നു ഇത്. എന്നാൽ 1987ൽ സിറ്റിങ്ങ് സീറ്റിനായി ജോസഫ് ഗ്രൂപ്പ് സമ്മർദ്ദം ഉയർത്തിയതോടെ കോൺഗ്രസ് നേതൃത്വം വീണ്ടും സീറ്റ് നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ജോസഫ് ജോർജ് പൊടിപാറ സ്വതന്ത്രനായി മത്സരിച്ചതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഫലം വന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെടി മത്തായിയെും എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന ടി രാമന്‍ ഭട്ടതിരിപ്പാടിനെയും പിന്തള്ളി പൊടിപാറ 2533 വോട്ടിന് വിജയിക്കുകയായിരുന്നു. വിമതൻ വോട്ട് പിടിച്ചാൽ ജയം നേടാമെന്ന് പ്രതീക്ഷിച്ച എൽഡിഎഫായിരുന്നു രണ്ടാമതെത്തിയത്. പൊടിപാറയ്ക്ക് ലഭിച്ചത് 41,098 വോട്ട്, രാമൻ ഭട്ടതിരിപ്പാടിന് 38,565ഉം.

ഇത്തവണ ഏറ്റുമാനൂർ സീറ്റിന് അവകാശവാദം ഉന്നയിച്ച ലതികാ സുഭാഷിനെ തള്ളിയാണ് കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കുന്ന ലതികാ സുഭാഷ് 1987ലെ ചരിത്രം ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ അംഗം, മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് ലതിക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker