BREAKINGKERALA

ലഹരികടത്ത് ആരോപണം, പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയില്‍ പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാന്‍. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്റെ സ്‌നേഹവീട് എന്ന പരിപാടിയുടെ താക്കോല്‍ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസത്തിയത്.
ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും എംഎല്‍എയുമായ പി പി ചിത്തരഞ്ജനും വേദിയിലുണ്ടായിരുന്നു. കാളാത്ത് വാര്‍ഡ് കൗണ്‍സിലര്‍ ആണ് ഷാനവാസ്. പുറത്താക്കിയ ആളെ പാര്‍ട്ടി പരിപാടിയില്‍ വേദിയില്‍ ഇരുത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎം നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ ലഹരി കടത്ത് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
അതേസമയം, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി വാക്കേറ്റമുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Related Articles

Back to top button