മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന് ഖാന് ജാമ്യം ലഭിക്കുന്നത്.
നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ആര്യന് ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈക്കോടതിയില്‍ ഹാജരായത്. പ്രതിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും റോത്തഗി വാദിച്ചു. അതിനാല്‍ അറസ്റ്റിന് നിയമസാധുതയില്ലെന്നും അപ്രസക്തമായ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.ബി.യുടെ വാദം. ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന് ബന്ധമുണ്ടെന്നും അറസ്റ്റിന് നിയമസാധുതയുണ്ടെന്നും എന്‍.സി.ബി. കോടതിയില്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന് ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയില്‍നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ലഹരിപാര്‍ട്ടിക്കിടെ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര് എന്‍.സി.ബി.യുടെ പിടിയിലായിട്ടുണ്ട്.