BREAKING NEWSNATIONAL

ലാലു മരുമകള്‍ക്ക് പേരിട്ടു, റെയ്ച്ചല്‍ ഇനി രാജശ്രീ

പട്‌ന: അമ്മാവന്‍ സാധുയാദവിന്റെ ഉഗ്രശാസനത്തെ വകവെക്കാതെയാണ് രാഷ്ട്രീയ ജനതാദളിന്റെ യുവനായകന്‍ തേജസ്വി യാദവ് ക്രിസ്തുമതക്കാരിയായ പ്രണയിനി റെയ്ച്ചല്‍ ഐറിസിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. എന്നാല്‍, പാര്‍ട്ടിയധ്യക്ഷനും അച്ഛനുമായ ലാലു പ്രസാദ് യാദവിന്റെ നിര്‍ദേശം ശിരസ്സാവഹിക്കാന്‍ മടിച്ചില്ല. വധുവിന്റെ േപരു മാറ്റി. രാജശ്രീ എന്ന പേരിലാണ് റെയ്ച്ചല്‍ ഇനി അറിയപ്പെടുക.
വിളിക്കാനുള്ള സൗകര്യത്തിനായാണ് പേരുമാറ്റമെന്നാണ് തേജസ്വി പറയുന്നത്. അച്ഛനാണ് പുതിയപേരു നിര്‍ദേശിച്ചത്. വിശ്വാസമോ മതമോ അതില്‍ സ്വാധീനം ചെലുത്തിയിട്ടില്ല. റെയ്ച്ചലിനെ ആരും നിര്‍ബന്ധിച്ചിട്ടുമില്ല മുപ്പത്തിരണ്ടുകാരനായ തേജസ്വി അവകാശപ്പെടുന്നു. ഇരുവരും പഴയ സ്‌കൂള്‍ സഹപാഠികളാണ്. രണ്ടു ദശാബ്ദത്തോളം കാത്തുവെച്ച പ്രണയം.
ഡല്‍ഹിയില്‍ തികച്ചും സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. വധുവിന്റെ പേരോ കുടുംബവിവരമോ പുറത്തുവിട്ടിരുന്നില്ല. കല്യാണനിശ്ചയമാണെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. വിവാഹശേഷമാണ് വിവരം പുറംലോകമറിയുന്നത്. അതിനും തേജസ്വിക്കു കാരണങ്ങളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയുമൊക്കെ വിളിച്ച് ആര്‍ഭാടമാക്കാമായിരുന്നു. എന്നാല്‍, രണ്ടു കുടുംബങ്ങള്‍ക്കും പരസ്പരം ഇടപഴകാനും പരിചയപ്പെടാനുമൊക്കെ അവസരമൊരുക്കാന്‍ വേണ്ടിയാണ് ചടങ്ങ് സ്വകാര്യമാക്കിയത്. കോവിഡും കല്യാണം ലളിതമായിനടത്താന്‍ കാരണമായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ അന്‍പതിലേറെ പേരാണ് പങ്കെടുത്തത്. ലാലു-റാബ്രിദേവി ദമ്പതിമാരുടെ ഇളയമകനും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വിക്കു പക്ഷേ, നാട്ടുകാരെ അങ്ങനെയങ്ങ് ഉപേക്ഷിക്കാനാവില്ല. കല്യാണവിരുന്ന് പട്‌നയില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുപറയുന്നു.
ഡല്‍ഹിയില്‍ നാലുദിവസത്തെ ആഘോഷത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണ് തേജസ്വിയും നവവധുവും പട്‌നയിലെത്തിയത്. പാര്‍ട്ടിക്കാരുണ്ടോ വെറുതെ വിടുന്നു, ബാന്റ് മേളവും നൃത്തവും പാട്ടുമായി വിമാനത്താവളത്തില്‍നിന്ന് ആഘോഷമായാണ് വധൂവരന്മാരെ വീട്ടിലെത്തിച്ചത്.
എന്നാല്‍, അമ്മാവനും മുന്‍ എം.പി.യുമായ സാധു യാദവിന്റെ രോഷമടങ്ങിയിട്ടില്ല. ‘അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആരോടും ചോദിക്കാതെ കല്യാണം കഴിച്ച അവന്‍ കുടുംബത്തിന്റെ പേരു കളഞ്ഞുകുളിച്ചു. ഞങ്ങളെ ഭരിക്കാന്‍ നോക്കുകയാണവന്‍. അവനെ പാഠം പഠിപ്പിക്കുകതന്നെ ചെയ്യും. ബിഹാറിന്റെ പ്രതിപക്ഷനേതാവായിരിക്കാന്‍ അവന് ഒരര്‍ഹതയുമില്ല’ റാബ്രിദേവിയുടെ സഹോദരനായ സാധു പറയുന്നു.
തത്കാലം അമ്മാവനെ പിണക്കേണ്ടെന്നാണ് തേജസ്വിയുടെ നിലപാട്. ‘കുടുംബത്തിലെ മൂത്തവരിലൊരാളാണ് അദ്ദേഹം. അതിന്റെ ബഹുമാനം എനിക്കുണ്ട്. എന്നാല്‍, ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണ്, രാംമനോഹര്‍ ലോഹ്യയുടെ അനുയായികളാണ്. ജാതിയിലും മതത്തിലുമൊന്നുമല്ല പ്രാധാന്യം കൊടുക്കുന്നത്’ തേജസ്വി പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker