തൊഴിലിടത്തില്‍ പുലരേണ്ട ലിംഗസമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ഡബ്യൂസിസി (വുമന്‍ ഇന്‍ സിനിമ കളക്ടീവ്). മാറ്റങ്ങള്‍ അനിവാര്യമാണെന്നും ംരര പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.
ഡബ്യൂസിസി യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
മാറ്റങ്ങള്‍ അനിവാര്യമാണ്. നമുക്കൊന്നിച്ച് പടുത്തുയര്‍ത്താം!
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്തെ സ്ത്രീകള്‍ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാന്‍ തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിയാനും അത് അടയാളപ്പെടുത്താനും സ്ത്രീകള്‍ മുന്നോട്ട് വന്നു.
ലൈംഗിക അതിക്രമങ്ങള്‍ പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്. ചലച്ചിത്രരംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.
തൊഴിലിടത്തില്‍ പുലരേണ്ട ലിംഗസമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്വത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ വ്യവസായം, നമ്മുടെ തൊഴിലിടം പുനര്‍നിര്‍മ്മിക്കാം.