KERALALATEST

ലുലു മാളിൽ പോയി സാധനങ്ങൾ വാങ്ങരുത്, യൂസഫലിക്ക് ഹിന്ദുക്കളുടെ കാശ് മതി; വർഗീയപരാമർശവുമായി പി സി ജോർജ്

തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തി മുൻ എം.എൽ.എ പി.സി ജോർജ്. ഏപ്രിൽ 27 മുതൽ മെയ് ഒന്ന് വരെ അനന്തപുരിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ചായിരുന്നു പി.സി. ജോർജിന്റെ വർഗീയ പരാമർശങ്ങൾ. വ്യവസായി എം.എ. യൂസഫലിക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു മാളിനെതിരെയും വർഗീയ ചുവയുള്ള പരാമർശങ്ങൾ പി.സി. ജോർജ് നടത്തിയിട്ടുണ്ട്. ലുലു മാളിൽ ഹിന്ദുക്കൾ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാൾ ആരംഭിക്കില്ലെന്നും ഇയാൾ പറഞ്ഞു.

‘യൂസഫലി എന്താ മലപ്പുറത്ത് മാൾ ഉണ്ടാക്കാത്തത്, കോഴിക്കോട് എന്താ ഉണ്ടാക്കാത്തത്. ഞാൻ നേരിട്ട് ചോദിച്ചു, പത്രത്തിലുണ്ടായിരുന്നു അത്. കാരണം മുസ്ലിങ്ങളുടെ കാശ് അങ്ങേർക്ക് വേണ്ട, നിങ്ങൾ ഹിന്ദുക്കളുടെ കാശ് മതി. നിങ്ങള് പെണ്ണുങ്ങളെല്ലാരും പിള്ളേരുടെ കൂടെ മാളിനകത്തേക്ക് ചാടി കയറുകയല്ലേ. നിങ്ങടെ കാശ് മുഴുവൻ അയാള് മേടിച്ചെടുക്കുകയല്ലേ. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപ പോലും ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഞാനിപ്പൊ വരുന്ന വഴിയിൽ പുതുതായി ഒരു മുസ്ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയിൽ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്. ഇതൊക്കെ ആലോചിച്ച് ഓർത്ത് പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഖിക്കേണ്ടി വരും,” പി.സി. ജോർജ് പറഞ്ഞു. ടിപ്പു സുൽത്താനെ അപമാനിച്ചുകൊണ്ടും പി.സി. ജോർജ് സംസാരിച്ചു. മുസ്ലിങ്ങളല്ലാത്ത ആളുകളെയെല്ലാം ടിപ്പു സുൽത്താൻ കൊന്നൊടുക്കിയെന്നും വർഗീയവാദിയായ ടിപ്പുവിനെക്കുറിച്ച് പഠിക്കാനാണ് സർക്കാർ പുസ്തകമിറക്കുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.

”ഹൈന്ദവം പറയുന്നത് ഇത് ഹിന്ദു രാഷ്ട്രമാണെന്നാണ്. ഇന്ത്യ, മഹത്തായ ഭാരതം ഹിന്ദുസ്ഥാൻ എന്ന പറഞ്ഞ് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഹൈന്ദവ രാഷ്ട്രം വേണ്ട ഹിന്ദു രാഷ്ട്രം മതി. ഹിന്ദു രാജ്യമായി മാറിക്കഴിഞ്ഞാൽ ഇവിടത്തെ കടന്നുകയറ്റങ്ങൾ മുഴുവൻ നിയമപരമായി നേരിടാൻ കഴിയും. ഇപ്പോൾ മുടിഞ്ഞ ജനാധിപത്യമാണ്. ഏത് ചെറ്റക്കും എന്തും ചെയ്യാം. ആയിരക്കണക്കിന് വർഷം ക്രിസ്ത്യാനികളും മുസൽമാനും ഇന്ത്യാ രാജ്യം ഭരിച്ചിട്ടും ഹിന്ദുക്കൾ ഇപ്പോഴും പിടിച്ചുനിൽക്കുന്നു എന്നത് അത്ഭുതമാണ്. ടിപ്പു സുൽത്താൻ എന്ന് പറയുന്ന കൊള്ളക്കാരൻ വന്ന് മുസ്ലിങ്ങളെല്ലാത്തവരെയെല്ലാം കൊന്നില്ലേ. ആ കൊള്ളക്കാരന് വേണ്ടി പുസ്തകമടിക്കാൻ തയാറാവുന്ന ഈ ഗവൺമെന്റൊക്കെ എന്ത് ഗവൺമെന്റാണ്. പറയാൻ മടിയില്ല, ആരെങ്കിലും എന്നെ തൂക്കിലിടുന്നത് കാണട്ടെ. ഏറ്റവും വൃത്തികെട്ട വർഗീയവാദിയാണ് ടിപ്പു സുൽത്താൻ. സ്ത്രീകളിരിക്കുന്നത് കൊണ്ട് പറയാൻ കൊള്ളത്തില്ല. മുണ്ടുപൊക്കി നോക്കി, സുന്നത്ത് ചെയ്തതല്ലെങ്കിൽ അവരെ വെട്ടിക്കൊല്ലും. ഈ ടിപ്പുവിനെക്കുറിച്ച് പഠിക്കുന്ന പിള്ളേരുടെ കാര്യം പോക്കാ,” പി.സി. ജോർജ് പറഞ്ഞു. ലവ് ജിഹാദ് വിഷയത്തിലും പി.സി ജോർജ് സംസാരിച്ചു. ലവ് ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ കബളിപ്പിച്ച് പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാൽ അവരെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൊള്ളക്കാർക്ക് ബലാത്സംഗം ചെയ്യാൻ കൊടുക്കുകയാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. ”അത് കഴിഞ്ഞ് ലവ് ജിഹാദ്. കണ്ടാൽ കൊള്ളാവുന്ന ഹിന്ദു- ക്രിസ്ത്യൻ പെമ്പിള്ളേർക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റില്ല. അന്നേരം ഇവന്മാര് വന്ന വീഴും. ഒരു പെണ്ണിനെ ചാക്കിടാൻ തീരുമാനിച്ച് വരുമ്പോൾ തലയിൽ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തിൽ കാണും. അവൻ വളരെ മിടുക്കനാ ഭയങ്കരനാ എന്നൊക്കെ പറഞ്ഞ് ഈ പെണ്ണാണ് ചാക്കിലാക്കി കൊടുക്കുന്നത്. അവൻ കൊണ്ടുപോകും.

പിണറായി വിജയൻ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ഞാൻ പറഞ്ഞു, പിണറായീ, ലവ് ജിഹാദ് ഉണ്ട്. കബളിപ്പിച്ച് ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാൽ അവരെ അഫ്ഗാനിസ്ഥാനിൽ കൊണ്ടുപോയി താലിബാൻ കൊള്ളക്കാർക്ക് ബലാത്സംഗം ചെയ്യാൻ കൊടുക്കുകയാണ്,”പി.സി ജോർജ് കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ- മുസ്ലിം പള്ളികൾ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാൽ ക്ഷേത്രങ്ങൾ സർക്കാരുകളുടെ കീഴിലാണെന്നും അത് കയ്യടക്കുന്നതിന് ഹിന്ദുക്കൾ യുദ്ധം ചെയ്യണമെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു. പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ലവ് ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളിൽ ഫില്ലർ ഉപയോഗിച്ച് ചായയിൽ ഒരു മിശ്രിതം ചേർത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോർജ് പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker