BREAKING NEWSFOOTBALLSPORTS

‘ലുസൈലില്‍ മെസി മാജിക്ക്’; മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോള്‍ ജയം

ദോഹ: ഖത്തര്‍ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണല്‍ മെസി എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് മെക്‌സിക്കന്‍ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
ആദ്യപകുതിയില്‍ കരുത്തുറ്റ മെക്‌സിക്കന്‍ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ കഴിയാതെ നിന്ന മെസിയും സംഘവും രണ്ടാം പകുതിയില്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. 50ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടുമുന്നില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി. കളിയുടെ 64 ആം മിനിറ്റ് വരെ വേണ്ടി വന്നു മെക്‌സിക്കന്‍ മതില്‍ തകരാന്‍. സാക്ഷാല്‍ മെസി ആദ്യം മെക്‌സിക്കന്‍ വല കുലുക്കി. വലതുവിങ്ങില്‍ നിന്ന് ഏഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്.
നിശ്ചിത സമയം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ 21 വയസ്സുകാരന്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അര്‍ജന്റീനയുടേയും മെക്‌സിക്കോയുടേയും കളി. എന്നാല്‍ ആക്രമണത്തില്‍ മുന്‍തൂക്കം മെക്‌സിക്കോക്കായിരുന്നു. നവംബര്‍ 30ന് സ്റ്റേഡിയം 974ല്‍ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ അവസാന പോരാട്ടം.
മെസ്സിയുടെ 21ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker