തിരുവനന്തപുരം: എഫ്സിസി സന്യാസിനീ സമൂഹത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാന്റെ തീരുമാനം വിവാദമായിരിക്കെ നിര്‍ണായക ഇടപെടലുമായി ദേശീയ വനിത കമ്മീഷന്.
ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കും എഫ്സിസി സുപ്പീരിയര്‍ ജനറന്‍ സിസ്റ്റര്‍ ആന്‍ ജോസഫിന് കത്തയച്ചു. സഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ വിശദീകരണം നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആവശ്യമായ എല്ലാവിധ പിന്തുണയും ലൂസി കളപ്പുരയ്ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ ദേശീയ വനിത കമ്മീഷന് വ്യക്തമാക്കുന്നുണ്ട്. കത്ത് ലഭിച്ചതോടെ എഫ്സിസി സുപ്പീരിയര്‍ ജനറന്‍ വൈകാതെ വിശദീകരണം നല്‍കേണ്ടതുണ്ട്.
സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാന്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കത്തിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും അപ്പോസ്തലിക് നണ്സിയോക്കിനും കര്‍ണാടക, ബോംബേ ഹൈക്കോടതി ജഡ്ജിയായിരുന്ന സല്‍ദാന ലീഗല്‍ നോട്ടീസയച്ചു.
വത്തിക്കാനിലെ നടപടികളില്‍ ലൂസി മുന്‍പ് സംശയം പ്രകടിപ്പിച്ചിരുന്നു. വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജ പ്രചാരണമാണ്. ‘തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ അഭിഭാഷകന് ലഭ്യമായിട്ടില്ല. ഞാന്‍ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കില്‍ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണ്’ എന്നും ലൂസി വ്യക്തമാക്കിയിരുന്നു. കേസില്‍ കക്ഷിയായ എഫ്സിസി തന്നെയാണ് തന്നോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതെന്ന് സി. ലൂസി ചൂണ്ടിക്കാട്ടി. എന്തുവന്നാലും മഠത്തില്‍ തന്നെ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
കത്ത് എറണാകുളം അങ്കമാലി അതിരൂപതയിലേയ്ക്കാണ് വന്നതെന്നാണ് കരുതുന്നതെന്നും ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘സ്വന്തം അഡ്രസിലേയ്ക്കല്ല കത്ത് വന്നത്. തനിക്ക് ലഭിച്ച കത്തിലെ ചില സ്റ്റാംപുകള്‍ ഇളക്കി മാറ്റിയിരുന്നു. മെയ് 27 എന്നൊരു തീയതി കവറില്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള ആദ്യ പേജില്‍ വര്‍ഷം 2020 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്‍പ്പേജുകളില്‍ 2021 എന്നുമാണ്. ഇതോടെ ഉത്തരവിന്റെ നിജസ്ഥിതി വ്യക്താകാന് ഇറ്റലിയിലെ അഭിഭാഷകയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയെ ഇന്ന് സുപ്രീം ട്രിബ്യൂണല്‍ ഓഫീസിലേയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വിശദവിവരങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്’ എന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.