ടെല്‍ അവീവ്: പേജര്‍, വാക്കിടോക്കി സ്‌ഫോടനപരമ്പരകള്‍ക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.
ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യമായ അപകടസാധ്യത മുന്നിലുണ്ട്. വടക്കന്‍ ഇസ്രയേലിലുള്ളവര്‍ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നത് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കാലം കഴിയുന്തോറും ഹിസ്ബുള്ള വലിയ വില നല്‍കേണ്ടിവരുമെന്നും ?ഗാലന്റ് മുന്നറിയിപ്പ് നല്‍കി.
ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും 1,000 റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. അതേസമയം, പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുമായി 11 മാസമായിത്തുടരുന്ന സംഘര്‍ഷത്തിനിടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനംചെയ്ത പതിനായിരക്കണക്കിന് ഇസ്രയേലുകാരെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കുമെന്ന് ബുധനാഴ്ചത്തെ സുരക്ഷായോഗത്തിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തിരുന്നു.
അതേസമയം, ആക്രമണത്തിന് ഇസ്രയേലിനെ തക്കതായി ശിക്ഷിക്കുമെന്നായിരുന്നു ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള വ്യക്തമാക്കിയത്. ഇസ്രയേല്‍ നടത്തിയത് യുദ്ധകുറ്റകൃത്യമാണ്. മുഴക്കിയത് യുദ്ധകാഹളമാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുംവരെ ഇസ്രയേലിനുനേരേയുള്ള ചെറുത്തുനില്‍പ്പ് തുടരുമെന്നും നസ്രള്ള പറഞ്ഞു.
പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേല്‍ വ്യോമാക്രമണവും നടത്തിയിരുന്നു. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. തുടര്‍ന്നുണ്ടായ ഹിസുബുള്ളയുടെ തിരിച്ചടിയില്‍ പടിഞ്ഞാറല്‍ ഗലീലിയിലെ യാരയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.
66 1 minute read