Uncategorized

ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവയുടെ പേരില്‍ ജഡ്ജിസ്ഥാനം തടയാനാകില്ല: കൊളീജിയം

ന്യൂഡല്‍ഹി: അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതില്‍നിന്ന് തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്.
സ്വവര്‍ഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കാന്‍ ഇന്നലെ ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ആണ് തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം.
രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലിചെയ്യുന്ന വിദേശ പൗരന്‍ ആണെന്നതാണ് ആദ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികള്‍ വിദേശികളാണെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. സ്വിസ്റ്റര്‍ലന്‍ഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
സ്വവര്‍ഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാല്‍ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി.
കോടതികളുടെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സോമശേഖര്‍ സുന്ദരേശനെ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജി ആക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയത്. എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ആ അവകാശം വിനിയോഗിച്ചുവെന്ന കാരണത്താല്‍ ജഡ്ജിസ്ഥാനം നിഷേധിക്കാനാകില്ലെന്നും കൊളീജിയം വ്യക്തമാക്കി. അഭിഭാഷകരായ അമിതേഷ് ബാനര്‍ജി, സാക്യ സെന്‍ എന്നിവരെ കൊല്‍ക്കട്ട ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് കൈമാറാനും കൊളീജിയം തീരുമാനിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker