BREAKINGNATIONAL

ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തണം; ഇന്റേണ്‍ഷിപ്പ് അപേക്ഷയിലെ ആവശ്യം കണ്ട് ഞെട്ടി ഉദ്യോഗാര്‍ത്ഥികള്‍

ഇന്റേണ്‍ഷിപ്പ് അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളോട് അവരുടെ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട സ്ഥാപനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ഓണ്‍ലൈന്‍ അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ട് ഒരു ഉദ്യോഗാര്‍ത്ഥി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് സ്ഥാപനത്തിന്റെ നടപടി, വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ ഉദ്യോഗാര്‍ത്ഥിയുടെ നിറം, ജെന്‍ഡര്‍, ലൈംഗിക ആഭിമുഖ്യം,ജെന്‍ഡര്‍ ഐഡന്റിറ്റി, ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ അല്ലയോ, അവള്‍ എന്നോ അവന്‍ എന്നോ ആണോ അറിയപ്പെടാന്‍ ആഗ്രഹം എന്ന് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.
ഈ ഇന്റേണ്‍ഷിപ്പ് എനിക്ക് കിട്ടാന്‍ പോകുന്നില്ലെന്ന കുറിപ്പോടെയായിരുന്നു ഉദ്യോഗാര്‍ത്ഥി അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സംഭവം ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമത്തില്‍ തിരികൊളുത്തിയിരിക്കുന്നത്. ഒരു ജോലി അപേക്ഷയില്‍ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ നിയമസാധുതയെ നിരവധി ഉപയോക്താക്കള്‍ ചോദ്യം ചെയ്തു. ഇത്തരം ചോദ്യങ്ങള്‍ വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ചിലര്‍ വാദിച്ചു. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് തീര്‍ത്തും വ്യക്തിപരമായ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ഇത്തരം ചോദ്യങ്ങള്‍ ട്രാന്‍സ് വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ സ്ഥാപനം നടത്തുന്ന തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ അത്തരം ചോദ്യങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും വിശാലമായ അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. ഇത്തരം ചോദ്യങ്ങള്‍ നിയമപരമാണെന്നും നിയമന തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന് പകരം വൈവിധ്യ സ്ഥിതിവിവര കണക്കുകള്‍ക്കായി ഡാറ്റ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഇതിനകം ഇരുപത്തിയെട്ട് ലക്ഷം പേരാണ് ഈ പോസ്റ്റ് കണ്ടത്.

Related Articles

Back to top button