BREAKINGINTERNATIONAL

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്; ചരിത്ര തീരുമാനവുമായി ബെല്‍ജിയം

ബ്രസ്സല്‍സ്: ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്നും ലൈംഗിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ നികൃഷ്ടരായി കണക്കാക്കിപ്പോരുന്നവരാണ്. അവരെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്നതിന് പുറമെ വലിയ അടിച്ചമര്‍ത്തലുകള്‍ക്കും ഇവര്‍ വിധേയരാവുന്നുണ്ട്. ഇവിടെയാണ് ബെല്‍ജിയം വ്യത്യസ്തമാവുന്നത്. ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷൂറന്‍സും തൊഴില്‍ നിയമവുമെല്ലാം നടപ്പിലാക്കി ചരിത്രം തിരുത്തുകയാണ് ബെല്‍ജിയം. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായും ബെല്‍ജിയം മാറി.
ലോകത്താകമാനം ഒരു കോടിയിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 2022-ല്‍ ആണ് ബെല്‍ജിയം ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കി മാറ്റിയത്. ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നല്‍കി. പക്ഷെ, തൊഴില്‍ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെല്‍ജിയമാണ്. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നും ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികതൊഴിലാളികളെയും മറ്റ് തൊഴിലാളികളേപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം. ജോലിയില്‍നിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലര്‍ക്കും രോഗങ്ങള്‍ ബാധിക്കാറുണ്ട്. തുടര്‍ന്ന് ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുന്നു. ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ളവ നിലവില്‍ വരുന്നത് വലിയ ഗുണകരമാവുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത് മനുഷ്യക്കടത്തിലേക്കും മറ്റും നയിക്കുമെന്ന് ചൂണ്ടിക്കാട്ടി എതിര്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്.

Related Articles

Back to top button