ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചന്‍, പ്രിയങ്ക ചതുര്‍വേദി , വന്ദന ചവാന്‍, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗികാതിക്രമ പരാതി നേരിട്ട രഞ്ജന്‍ ഗൊഗോയിക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയതിലാണ് പ്രതിഷേധം.
ഡല്‍ഹി സര്‍വീസ് ബില്‍ ചര്‍ച്ചയ്ക്കിടെ സംസാരിക്കാന്‍ രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അധ്യക്ഷന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പ്രസംഗിക്കാനായി എഴുനേറ്റു, ഉടന്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാവുകയായിരുന്നു . ‘മീ ടൂ’ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയത്.
2019ലെ ലൈംഗിക ആരോപണക്കേസ് ഉന്നയിച്ചാണ് പ്രതിഷേധം. സുപ്രിംകോടതിയിലെ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച ഗൊഗോയ്, കേസ് പരിഗണിക്കാന്‍ തന്റെ നേതൃത്വത്തില്‍തന്നെ അടിയന്തര ബെഞ്ച് രൂപീകരിച്ചു. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരസ്യ പ്രസ്താവന നടത്തി. ഈ നടപടി വിവാദമായതോടെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ ജഡ്ജിമാരടങ്ങിയ കമ്മറ്റി രൂപീകരിച്ചു. സുപ്രിംകോടതിയുടെ ഈ ആഭ്യന്തര അന്വേഷണ സമിതി ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.