
ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിത്. ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ആ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരുപാട് കഥകളുടെ ഉള്ളറകള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിലുളള സ്റ്റേയാണ് ഹൈക്കോടതി ഇന്ന് നീക്കിയത്. സര്‍ക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. എഫ്സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി.
പദ്ധതിയില്‍ ക്രമക്കേട് ഉണ്ടായിയെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുവെന്നുമാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്.