കൊച്ചി: ലൈഫ് മിഷന് സിഇഒ യു വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കിന് കരാര്‍ നല്കാന് സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ നാല് കാര്യങ്ങളാണ് ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ യൂണിടാക്കിന് നല്കാന് സമ്മര്‍ദ്ദം ചെലുത്തിയത് ആര്?,
ഇക്കാര്യത്തില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍?, ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് കരാര്‍ നല്കാന് ശിവശങ്കറിന് പ്രതിഫലം ലഭിച്ചിരുന്നോ?, ശിവശങ്കറിനെ കൂടാതെ സര്‍ക്കാറിലെ മറ്റാരെങ്കിലും ഇടപെടലുകള്‍ നടത്തിയോ? എന്നിവയാണ് അന്വേഷിക്കുന്നത്.
പദ്ധതി സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാറും ദുബൈയിലെ റെഡ്ക്രസന്റ് എന്ന സംഘടനയുമായാണ്. എന്നാല്‍ നിര്‍മ്മാണക്കരാര്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സല്‍ ജനറലും യൂണിടാക്കും തമ്മിലാണ്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ കരാര്‍ നല്‍കാവൂ എന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. മാത്രമല്ല ഇതിനായി ലിമിറ്റഡ് ടെന്‍ഡര്‍ വിളിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.ഈ രണ്ട് നിര്‍ദ്ദേശങ്ങളും അട്ടിമറിക്കപ്പെട്ടത് ശിവശങ്കറിന്റെ സമ്മര്‍ദ്ദഫലമാണെന്നാണ് ഇ.ഡി.യുടെ നിഗമനം. യു.വി.ജോസിന്റെ സാന്നിദ്ധ്യത്തില്‍ ശിവശങ്കറില്‍ നിന്ന് ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്‍ഫോഴ്സ്മെന്റ് തയ്യാറെടുക്കുന്നത്.
സ്വപ്ന ഡോളര്‍ കടത്തിയതായി അറിവില്ലെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. വിദേശയാത്രയില്‍ സ്വപ്നയുടെ പക്കല്‍ അസാധാരണമായി എന്തെങ്കിലും ഉള്ളത് ശ്രദ്ധയില്‍ പെട്ടില്ലെന്നും ശിവശങ്കര്‍ ഇ.ഡി.യ്ക്ക് മൊഴി നല്കി.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി ഓര്‍ക്കുന്നില്ലെന്നു . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. ഇന്നും ചോദ്യം ചെയ്യല്‍ തുടരും
ആറ് പ്രാവശ്യം വിദേശത്തേക്ക് നടത്തിയ യാത്രയില്‍ സ്വപ്ന ഒപ്പമുണ്ടായിരുന്നെങ്കിലും അവര്‍ ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ലെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചത്. അസാധാരണമായ എന്തെങ്കിലും ബാഗേജില്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. തികച്ചും ഔദ്യോഗിക യാത്രകളാണ് സ്വപ്നക്കൊ പ്പം നടത്തിയത്.
വിദേശത്ത് അനൗദ്യോഗികമായ ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ഇ.ഡി.യ്ക്ക് മൊഴി നല്കി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞു മാറുന്ന മുന്‍ നിലപാടു തന്നെയാണ് അറസ്റ്റിന് ശേഷവും ശിവശങ്കര്‍ സ്വീകരിക്കുന്നത്. മൊബൈലില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങള്‍ താന്‍ അയച്ച സന്ദേശങ്ങളാണോ എന്ന് ഉറപ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചത്. ഇന്ത്യന്‍ രൂപ ഡോളറിലേക്ക് മാറ്റി നല്കിയ ബാങ്കിന്റെ മാനേജരെ ഇ.ഡി. ഉടന്‍ വിളിച്ചു വരുത്തും.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും