കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാട് സംബന്ധിച്ച ക്രമക്കേടില്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയ കേസിലെ അന്വേഷണം മുന്നോട്ട് കൊണ്ടുപേകാനാവുന്നില്ലെന്ന ചൂണ്ടികാട്ടിയാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന ലൈഫ് മിഷന് സി.ഇ.ഒയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഒക്ടോബര്‍ 13 നാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. അതേസമയം യുണിടക്കിനെതിരെ അന്വഷണം തുടരാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി നടപടി അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. ലൈഫ് മിഷന് ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയിട്ടുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തുവരാനുണ്ട് . വിദേശ പണം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതിയിലാതെയുള്ള സംഭാവന സ്വീകരിക്കല്‍ കുറ്റകരമാണെന്നിരിക്കെ വിശദമായ അന്വോഷണം വേണമെന്ന് സി.ബി.ഐ ഹര്‍ജിയില്‍ പറയുന്നു.