കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ വളരെ പ്രശസ്തയായ ഒരു സ്ട്രീമര്‍ ലൈവ് സ്ട്രീമിംഗിനിടെ ദാരുണമായി മരിച്ചത്. പാന്‍ സിയോട്ടിംഗ് എന്ന 24 -കാരിയാണ് തന്റെ ഫോളോവേഴ്‌സിന് മുന്നില്‍ മരിച്ചത്. അവളുടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ ചലഞ്ച്
സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്ന ഈ കാലത്ത് ടിക്ടോക്കിലും മറ്റുമുള്ള വിവിധ ചലഞ്ചുകള്‍ അനേകങ്ങളുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഏറെയും കൗമാരക്കാരായിരിക്കും. എന്തായാലും, കുറച്ച് ദിവസം മുമ്പ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അത്തരത്തില്‍ ദാരുണമായ ഒരു സംഭവമാണ്. 24 -കാരിയായ യുവതി ക്യാമറയ്ക്ക് മുന്നില്‍ മരിച്ചു വീണു.
മുക്ബാംഗ് എന്ന ചലഞ്ചാണ് അവളുടെ മരണത്തിന് കാരണമായിത്തീര്‍ന്നത്. എന്താണ് മുക്ബാംഗ് ചലഞ്ച് കിലോക്കണക്കിന് ഭക്ഷണം ഒരുമിച്ച് കഴിക്കുക ഇതാണ് ഈ ചലഞ്ച് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 2010 -ന്റെ തുടക്കത്തോടെ ദക്ഷിണ കൊറിയയിലാണ് മുക്ബാംഗിന്റെ തുടക്കം എന്നാണ് പറയുന്നത്. ഏറെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്ന അനേകം സ്ട്രീമര്‍മാരുണ്ട്. അതിലൊരാളായിരുന്നു സിയോട്ടിംഗ്. സ്ഥിരമായി ഈ ചലഞ്ച് നടത്തിയിരുന്ന ആളാണ് സിയോട്ടിംഗ് എന്നും പറയുന്നു. അതിനായി കിലോക്കണക്കിന് ഭക്ഷണമാണ് ഫോളോവേഴ്‌സിന് മുന്നില്‍ അവള്‍ കഴിച്ചിരുന്നതത്രെ.
ഓരോ ലൈവ് സ്ട്രീമിംഗിലും 10 കിലോയോളം ഭക്ഷണം ഇവര്‍ കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലപ്പോഴും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഓണ്‍ലൈനിലുള്ളവരും ഇങ്ങനെ ഭക്ഷണം കഴിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിയോട്ടിംഗ് അത് കാര്യമാക്കിയിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ഇവരുടെ ദഹന വ്യവസ്ഥയെ പോലും ബാധിച്ചുവെന്നും അതാണ് മരണകാരണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
64 1 minute read