17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന്റെ ചരിത്ര വിജയത്തിന്റെ സന്തോഷത്തില്‍ ബിസിസിഐ സമ്മാനമായി നല്‍കുക. ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ട്വിറ്ററിലൂടെയാണ് സമ്മാനത്തുകയുടെ കാര്യം പുറത്ത് വിട്ടത്.
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ലോക കിരീടം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് സമ്മാനത്തുകയായി ലഭിച്ചത് 20.42 കോടിയാണ്. ഇതാ ഇപ്പോള്‍ ബിസിസിഐയുടെ പ്രത്യേക പരിതോഷികവും. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂര്‍ണമെന്റില്‍ മുഴുവന്‍ ഇന്ത്യന്‍ ടീം മികച്ച കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണ പരിപാടി ഒരുക്കാനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയുടെ ചരിത്ര വിജയം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ എന്ന് വ്യക്തം.