BREAKING NEWSWORLD

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ തന്റെ ബംഗ്ലാവ് വില്‍ക്കുന്നു, 238 കോടി രൂപയ്ക്ക്

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ മിയാമിയിലെ തന്റെ 32 മില്യണ്‍ ഡോളര്‍ (238 കോടി രൂപ) വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് വില്‍ക്കാനൊരുങ്ങുന്നു. നായയോ എന്ന് സംശയം പ്രകടിപ്പിക്കേണ്ട. ഈ പണക്കാരന്‍ ഒരു നായ തന്നെയാണ്. തന്റെ മുത്തച്ഛനായ ഗുന്തര്‍ നാലാമനില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ സമ്പത്ത് പാരമ്പര്യമായി ലഭിച്ചതിനെത്തുടര്‍ന്നാണ് ഗുന്തര്‍ ആറാമന്‍ എന്ന നായ കോടീശ്വരനായത്.
1992ല്‍ അന്തരിച്ച ജര്‍മ്മന്‍ പ്രഭ്വി കാര്‍ലോട്ട ലീബെന്‍സ്‌റ്റൈനില്‍ നിന്നാണ് തന്റെ വളര്‍ത്ത് നായയായ ഗുന്തര്‍ നാലാമന്‍ കോടീശ്വനായത്. മരണത്തത്തിന് മുന്‍പ് ഗുന്തര്‍ നാലാമന്റെ സംരക്ഷണത്തിനായി 58 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വത്താണ് കാര്‍ലോട്ട ഒരു ട്രസ്റ്റിന് സമ്മാനിച്ചത്. ട്രസ്റ്റിലെ അംഗങ്ങളുടെ ജോലി ഗുന്തര്‍ നാലാമനേയും സന്തതികളെയും സര്‍വ സുഖസൗകര്യങ്ങളോടും നോക്കി വളര്‍ത്തുക എന്നത് മാത്രമാണ്. പ്രഭ്വി കാര്‍ലോട്ട തന്റെ നായയ്ക്കായി എഴുതിവച്ച ബംഗ്ലാവാണ് ഇപ്പോള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
ടസ്‌കാന്‍ ശൈലിയിലുള്ള വില്ല ഏകദേശം 32 മില്യണ്‍ ഡോളറിന് അടുത്തിടെയാണ് വില്പനയ്ക്ക് ഒരുക്കിയത്. 2000ല്‍ മഡോണയില്‍ നിന്ന് 7.5 മില്യണ്‍ ഡോളറിനാണ് ഈ ബംഗ്ലാവ് വാങ്ങിയത്. ഒമ്പത് കിടപ്പുമുറികളും എട്ട് കുളിമുറികളും ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളവും ഉള്ള ഈ ബംഗ്ലാവ് 1928ലാണ് നിര്‍മ്മിച്ചത്.
കോമ്പസിലെ ദി അസ്സൗലിന്‍ ടീമിലെ റൂത്തിയും ഏഥന്‍ അസ്സൗലിനും ആണ് വില്പന ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഉടമസ്ഥന്‍ നായയാണെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് റൂത്തി ഫോര്‍ബ്‌സിനോട് പറഞ്ഞു. ‘ഞങ്ങള്‍ എണ്ണമറ്റ ദശലക്ഷക്കണക്കിന് ഡോളര്‍ വീടുകള്‍ വിറ്റിട്ടുണ്ട്, പക്ഷേ ഇത് തീര്‍ച്ചയായും ആദ്യമാണ്. വസ്തു ഒരു നായയുടെ ഉടമസ്ഥതയിലാണെന്ന് കൈകാര്യം ചെയ്യുന്നവര്‍ എന്നോട് പറഞ്ഞപ്പോള്‍, ഞാന്‍ അത് വിശ്വസിച്ചില്ല’, ഏഥന്‍ അസ്സൗലി പറഞ്ഞു. ‘അള്‍ട്രാപ്രൈവറ്റ് ഗേറ്റഡ് എസ്റ്റേറ്റ്, രാജകീയ ഈന്തപ്പനകള്‍, സമൃദ്ധമായ ലാന്‍ഡ്‌സ്‌കേപ്പിംഗ്, തുറസ്സായ തുറമുഖ കാഴ്ചകള്‍ എന്നിങ്ങനെ വിശാലമായ സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്,’ റൂത്തി കൂട്ടിച്ചേര്‍ത്തു.
‘ഗുന്തറുമായുള്ള (നായ) ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയില്‍, അവന്‍ ഓടിവന്ന് എനിക്ക് ഒരു വലിയ ചുംബനം നല്‍കി, എന്റെ ലിപ്സ്റ്റിക്ക് നക്കി. അതാണ് യഥാര്‍ത്ഥത്തില്‍ കരാര്‍ ഉറപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു,’ അല്പം തമാശയോടെ റൂത്തി പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker