BREAKING NEWSWORLD

ലോകത്തെ ‘ബേബി ഫാക്ടറി’യായി യുക്രെയ്ന്‍…ഒരു തവണ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയാല്‍ പത്ത് ലക്ഷം രൂപ

‘നിങ്ങള്‍ 18നും 35നും ഇടയില്‍ പ്രായമുള്ളവരാണോ? നിങ്ങള്‍ക്ക് ആരോഗ്യമുള്ള മക്കളുണ്ടോ? നിങ്ങള്‍ ശാരീരികമായും മാനസികമായും ഫിറ്റ് ആണോ? നിയമം അനുസരിക്കുന്നവരാണോ?’ യുക്രെയ്‌നിലെ ബസുകളിലും മെട്രോകളിലും സ്ഥാപിച്ച ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന പ്രശസ്തമായ ഒരു കമ്പനിയുടെ പരസ്യ ബോര്‍ഡുകളാണിത്. വൈകാരികമായി ഒരുപാട് കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്ന മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍.
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. അതു മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്‌റ്റൈപ്പന്റും നല്‍കും. അതായത്, യുക്രെയ്‌നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭ ധാരണത്തിന് ലഭിക്കുക.
2002ലാണ് യുക്രെയ്‌നില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. അന്നു മുതല്‍ നിരവധി വിദേശ ദമ്പതികളാണ് ഒരു ‘കുഞ്ഞിക്കാല്’ കാണാന്‍ രാജ്യത്ത് എത്തുന്നത്. 22 ലക്ഷത്തോളം രൂപയാണ് ഒരു കുഞ്ഞിനായി ഇവര്‍ക്ക് ചെലവു വരിക. യു.എസിലാണെങ്കില്‍ 6090 ലക്ഷം രൂപ വരെ ചെലവ് വരും എന്നതും ഇവരെ യുക്രെയ്‌നിലേക്ക് ആകര്‍ഷിക്കുന്നു. 2015ല്‍ തായ്‌ലന്‍ഡ്, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് വാണിജ്യ വാടക ഗര്‍ഭധാരണം നിരോധിച്ചതോടെ യുക്രെയ്‌നിലെത്തുന്ന ദമ്പതികളുടെ എണ്ണവും കൂടി.
എന്നാല്‍ യുക്രെയ്‌നിലെ ഈ ‘കുഞ്ഞുങ്ങളുടെ വ്യവസായം’ അങ്ങേയറ്റം സംശയ നിഴലിലാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ വാടക അമ്മമാരുടെ കണക്ക് എത്രയാണെന്ന് ചോദിച്ചാല്‍ ആരോഗ്യ മന്ത്രാലയം പോലും കൈമലര്‍ത്തും. രാജ്യത്ത് ഓരോ വര്‍ഷവും ഇത്തരത്തില്‍ 2000-2500 കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ടെന്ന് കീവില്‍ നിന്നുള്ള അഭിഭാഷകന്‍ സെര്‍ജി അന്റൊനോവ് വ്യക്തമാക്കുന്നു. ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് ചൈനക്കാരാണ്. എന്നാല്‍ കുഞ്ഞുങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നും അന്റൊനോവ് ചൂണ്ടിക്കാട്ടുന്നു.
ഇനി വാടക ഗര്‍ഭ ധാരണത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥ പരിശോധിച്ചാല്‍ അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളാലാണ് മുന്നിലെത്തുക. ഗ്രാമത്തിലുള്ള ദരിദ്ര കുടുംബത്തില്‍ നിന്നെത്തുന്ന ഇവര്‍ക്ക് ചിലപ്പോള്‍ വാഗ്ദാനംചെയ്ത പണം പോലും ലഭിക്കാറില്ല. ഗര്‍ഭധാരണത്തിന്റെ സമയത്ത് കിടക്കാന്‍ ഒറ്റയ്‌ക്കൊരു കിടക്കപോലും കിട്ടാറില്ല. ചില സന്ദര്‍ഭങ്ങളില്‍, വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച കുട്ടികളുമായി തങ്ങള്‍ക്ക് ജനിതക ബന്ധമില്ലെന്ന് മാതാപിതാക്കള്‍ പറയും. ഇതോടെ ആ കുഞ്ഞിനെ എന്തു ചെയ്യും എന്ന അങ്കലാപ്പിലായിരിക്കും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ സ്ത്രീകള്‍. നിയമവിരുദ്ധമായ വാണിജ്യ ദത്തെടുക്കലുകളുടെ മറയായി ചില ക്ലിനിക്കുകള്‍ വാടക ഗര്‍ഭധാരണം ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ സംശയിക്കുന്നു.
വ്യവസ്ഥകളില്ലാത്ത വിധത്തിലുള്ള കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനെതിരേ കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള കമ്മീഷണര്‍ മൈക്കോല കുലേബ രംഗത്തെത്തിയിരുന്നു. യുക്രെയ്ന്‍ അന്താരാഷ്ട്ര ‘ബേബി സ്‌റ്റോര്‍’ ആയി മാറുന്നുവെന്നും ഈ വ്യവസായം അവസാനിപ്പിക്കണമെന്നും കുലേബ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker