BREAKING NEWSLATESTNATIONAL

ലോകത്ത് വാക്‌സിന്‍ എടുത്തവരില്‍ 60 ശതമാനവും ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലോകത്താകമാനം 200 കോടി ഡോസ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന് കണക്കുകള്‍. ഇതില്‍ 60 ശതമാനത്തിലേറെ വാക്‌സിനും ഇന്ത്യ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്കാണ് നല്‍കിയതെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാക്‌സിനേഷനില്‍ ചൈനയാണ് മുന്നില്‍. ജൂണ്‍ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്‌സിന്‍ ചൈനയില്‍ ജനങ്ങള്‍ക്ക് നല്‍കി. യുഎസില്‍ വാക്‌സിനേഷന്‍ 29.7 കോടി ഡോസ് കടന്നു. മൂന്നാമതുള്ള ഇന്ത്യയില്‍ 21.6 കോടിയിലേറെ ഡോസ് വാക്‌സിന്‍ ഇതിനോടകം ജനങ്ങള്‍ക്ക് നല്‍കി. ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് വാക്‌സിനേഷന്‍ കണക്കില്‍ തൊട്ടുപിന്നിലുള്ളത്.
വാക്‌സിനേഷനില്‍ മുന്നിലുള്ള ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 40 ശതമാനവും. ദിനംപ്രതി കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും ഇന്ത്യ ഉള്‍പ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലും മരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്‌സിനേഷന്‍ വേഗത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button