KERALABREAKING NEWSLATEST

ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് പി രാജീവ്

ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടതിനെതിരെ പ്രതികരണവുമായി നിയമമന്ത്രി. ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോകായുക്ത നിയമങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയിലാണുള്ളത്. അതില്‍ ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013 ന് മുന്‍പ് ജീവിക്കുന്നവരാണെന്നും മന്ത്രി ആക്ഷേപിച്ചു.

ഭരണഘടനാപരമായ വ്യവസ്ഥകളെ നിയമവ്യവസ്ഥ കൊണ്ട് മറികടക്കാനാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ലോകായുക്ത നിയമത്തില്‍ മുന്‍പ് ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ല. നിയമത്തിന്റെ 12,14 വകുപ്പുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുതിയ നടപടി. ഭരണഘടനാ പദവിയിലുള്ളവര്‍ക്കെതിരെ ലോകായുക്ത നടപടി സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് കൂടാതെ നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒപ്പ് വെക്കരുത് എന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത്പക്ഷ സര്‍ക്കാര്‍ തന്നെ കൊണ്ട് വന്ന നിയമം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭരണഘടന വിരുദ്ധം ആണെന്ന് പറയുന്നത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker