LATESTFOOTBALLSPORTS

ലോക്കടെല്ലിക്ക് ഡബിള്‍ മൂന്നു ഗോള്‍ ജയത്തോടെ ഇറ്റലി രണ്ടാം റൗണ്ടില്‍

റോം : തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഏകപക്ഷീയമായ മൂന്നു ഗോള്‍ ജയത്തോടെ ഇറ്റലി യുറോ 2020യുടെ രണ്ടാം റൗണ്ടില്‍ കടക്കുന്ന ആദ്യ ടീമായി.
ഗ്രൂപ്പ് സിയില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാരെയാണ് രണ്ടാം റൗണ്ടില്‍ മന്‍ചിനിയുടെ കുട്ടികള്‍ നരിടുക. അതിനു മുന്‍പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയില്‍സിനെ നേരിടും. ഗ്രൂപ്പ് എയില്‍ ഇറ്റലി ആറ് പോയിന്റ് നേടി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. നാല് പോയിന്റ് നേടിയ വെയില്‍സ് രണ്ടാം സ്ഥാനത്തും ഒരു പോയിന്റോടെ സ്വിറ്റ്‌സര്‍ലന്റ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു കളിയും ജയിക്കാന്‍ കഴിയാത്ത തുര്‍ക്കി പുറത്തേക്കു നീങ്ങും
തോല്‍വി എന്തെന്ന് അറിയാതെ യോഗ്യതാ റൗണ്ട് മുതല്‍ യുറോയില്‍ ജൈത്രയാത്ര തുടരുന്ന ഇറ്റലി ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്് സ്വിറ്റസര്‍ലണ്ടിനെ പരാജയപ്പെടുത്തിയത്.
ആദ്യ രണ്ട് ഗോളുകള്‍ മാനുവല്‍ ലോക്കാടെല്ലിയും (26, 52 മിനിറ്റില്‍) മൂന്നാം ഗോള്‍ ചിറോ ഇമ്മൊാബിലും (89ാം മിനിറ്റില്‍) വലയിലാക്കി.
ആദ്യ ഗോള്‍ ബോക്‌സിനകത്ത് ക്ലോസ് റേഞ്ച് ഷോട്ടിലായിരുന്നുവെങ്കില്‍ അവസാന രണ്ട് ഗോളുകളും പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്നും വെടിയുണ്ടപോലെ നെറ്റിലേക്കു തുളച്ചുകയറി
ക്യാപ്റ്റന്‍ ചെല്ലിനി കളി തുടങ്ങി 23ാം മിനിറ്റില്‍ തന്നെ പരുക്കേറ്റു പുറത്തായതോടെ അച്ചെര്‍ബി കളിക്കാനെത്തി. തുടര്‍ന്നാണ് ഇറ്റലിയുടെ ആദ്യ ഗോള്‍ വരുന്നത്. കൃത്യമായ ടീം വര്‍ക്കാണ് ഇറ്റലിയുടെ 26ാം മിനിറ്റിലെ ആദ്യ ഗോള്‍. ഡിമെന്‍ഷ്യോ ബെറാര്‍ഡിയുടെ പാസില്‍ നിന്നാണ് മാനുവല്‍ ലോക്കാടെല്ലിയുടെ ബൂട്ടില്‍ നിന്നുള്ള ആദ്യ ഗോള്‍. ഈ ഗോള്‍ നേട്ടത്തോടെ 23 കാരനായ മാനുവല്‍ ലോക്കാടെല്ലി . ഇത്തവണത്തെ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
52ാം മിനിറ്റലെ രണ്ടാം ഗോള്‍ പെനാല്‍ട്ടി ബോക്‌സിനു മുന്നില്‍ ബറേലയില്‍ നിന്നാണ് ലോക്കാടെല്ലിയിലെത്തിയത്. കിട്ടിയ പാസ് ലോക്കാടടെല്ലി നേരെ വല ലക്ഷ്യമാക്കി. വെടിയുണ്ടപോലെ തൊടുത്തുവിട്ടു. നെറ്റിന്റെ ഇടത്തെ മൂലയിലേക്കു കയറിപ്പോയ പന്ത് നോക്കി നില്‍ക്കാനെ സ്വിസ് ഗോളിക്കു കഴിഞ്ഞുള്ളു.
കളിയുടെ സമസ്ത മേഖലയിലും സമഗ്ര ആധിപത്യം കാട്ടിയ ഇറ്റലി നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ മൂന്നാം ഗോളും നേടി. ഇത്തവണ ടോളോയുടെ ബൂട്ടില്‍ നിന്നും പെനാല്‍ട്ടി ബോക്‌സിനു മുന്നിലേക്കു വന്ന പാസ് ചിറോ ഇമ്മൊാബില്‍ വലത്തെ പോസ്റ്റിലേക്കു പായിച്ചു. തൊട്ട് മുന്‍പ് രണ്ടു തവണ ഗോള്‍ വലയം ഇഞ്ച് വ്യത്യാസത്തില്‍ ഭേദിക്കാന്‍ കഴിയാതെ നിരാശനായ ഇമ്മൊബില്‍ മൂന്നാം തവണ ലക്ഷ്യം കണ്ടു. കഴിഞ്ഞ കളിയില്‍ തുര്‍ക്കിക്കെതിരെ ഗോള്‍ നേടിയ ഇമ്മൊാബില്‍ 2002 ലോകകപ്പില്‍ ക്രിസ്റ്റ്യന്‍ വിയേരിക്കു ശേഷം ഇറ്റലിക്കു വേണ്ടി തുടര്‍ച്ചയായി രണ്ടു മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമായി .
ഇറ്റലിയുടെ റെക്കോര്‍ഡ് ബുക്കിലെ തുടര്‍ച്ചയായ വിജയങ്ങളുടെ ലിസ്റ്റും മെച്ചപ്പെട്ടു… 1999ലെ യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നേപ്പിള്‍സില്‍് ഡെന്മാര്‍ക്കിനോട് തോറ്റതിനു ശേഷം ഇതുവരെ സ്വന്തം മണ്ണില്‍ ഇറ്റലി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. കഴിഞ്ഞ 58 മത്സരങ്ങില്‍ 45 ജയം 13 സമനില.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker