LOCAL NEWSKOZHIKODELATEST

ലോക്ക്ഡൗണ്‍ സമയത്തെ കോഴിക്കോട്ടെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം

കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകമായ ലോക്ക്ഡൗണ്‍ സമയത്തെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും വ്യത്യസ്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് കോഴിക്കോട് പദ്ധതി നടപ്പിലാക്കിയത്. ലോക്ക്ഡൗണ്‍ നിത്യവരുമാനക്കാരായ ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞ് പട്ടിണിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയാണ് സാമൂഹിക അടുക്കള എന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേര്‍ക്കാണ് രണ്ട് നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചിരുന്നത്. ഇതിനാവശ്യമായ മുഴുവന്‍ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോടികള്‍ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ 1000 സ്ഥാപനങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ് കോഴിക്കോട് നഗരസഭയെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ സ്‌ക്കോച്ച് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒ നല്‍കുന്ന അവാര്‍ഡിന് പരിഗണിച്ചത്. സില്‍വര്‍ അവാര്‍ഡാണ് കോഴിക്കോട് നഗരസഭക്ക് ലഭിച്ചത്. നഗരസഭക്ക് തനത് ഫണ്ടില്‍ നിന്നും ഈയിനത്തില്‍ ഒരു തുകയും ചെലവഴിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, സാധനങ്ങള്‍ ആയും നേരിട്ട് തുകയായും കിച്ചണിന്റെ ആവശ്യത്തിലേക്ക് തുടങ്ങിയ ബാങ്ക് അക്കൌണ്ടിലേക്ക് പൊതുജനം പണം അനുവദിക്കുകയായിരുന്നു. ഈയൊരു കോഴിക്കോടന്‍ മാതൃകക്കാണ് അവാര്‍ഡ് ലഭിച്ചത്. ഈ അവാര്‍ഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker