BUSINESSBUSINESS NEWS

ലോക്ക്ഡൗൺ പ്രതിസന്ധി: 600 തൊഴിലാളികളെ പിരിച്ചു വിട്ട് ഊബര്‍ ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് അറുന്നൂറോളം മുഴുവന്‍ സമയ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് ഊബര്‍ ഇന്ത്യ. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോഴാണ് ഊബറിന്റെ ഇത്തരമൊരു തീരുമാനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുഴുവന്‍ ലോക്ക്ഡൗണ്‍ സ്തംഭനാവസ്ഥയിലെത്തിച്ച സാഹചര്യത്തിൽ പല കമ്പനികളും തങ്ങളുടെ തൊഴിൽ ശക്തി വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഊബറും ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അവർ വ്യക്തമാക്കി.

ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് എന്നീ തസ്തികകളെയാണ് കമ്പനി വെട്ടിക്കുറച്ചതെന്നും ഊബർ അറിയിച്ചു. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു. കോവിഡിന്റെ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവുമാണ് ഉബര്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ ഘടകത്തെ ഇത്തരം തൊഴിലാളികളെ വെട്ടിക്കുറക്കുന്ന തീരുമാനത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മെയ് 14ന് 3700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൂന്നു മിനിറ്റ് നീണ്ട സൂം വീഡിയോ കോളിലാണ് ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിനമാണെന്ന സ്ന്ദേശം നൽകിയതെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ മാതൃസ്ഥാപനമായ ഊബർ ടെക്നോളജീസ് 23 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മെയ് 20ന് ഊബറിന്റെ എതിരാളി ഒല 1400പേരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button
Close