സി.വി.ഷിബു
കല്‍പ്പറ്റ: നിരവധി പേരാണ് ലോക്ക് ഡൗണില്‍ ലോക്കായത്. കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ലോക് ഡൗണില്‍ തൊഴില്‍ നിലക്കുകയും ചെയ്തപ്പോള്‍ വരുമാന മാര്‍ഗ്ഗമായ ചക്ക വില്‍പ്പനയില്‍ നിന്നുള്ള പണത്തില്‍ നിന്ന് ഒരു വിഹിതമെടുത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ഭക്ഷണം നല്കി ഓട്ടോ ഡ്രൈവറുടെ കുടുംബം. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വാടകക്ക് താമസിക്കുന്ന എം.ആര്.മനോജിന്റെ കുടുംബമാണ് വേറിട്ട നന്മ വഴിയില്‍ മാതൃകയായത്. കല്‍പ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു മനോജ്. ഭാര്യ ഷൈല തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ്സില്‍ ജീവനക്കാരിയായിരുന്നു ലോക്ക് ഡൗണില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിടുകയും ബാസ അടക്കുകയും ചെയ്തതോടെ അച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മീനങ്ങാടി അന്ന ഫുഡ്സ് ചക്കയും ചക്കക്കുരുവും വിലക്ക് വാങ്ങുന്നുണ്ടെന്ന് അറിഞ്ഞത്. ചക്ക പ്രചാരകനും ബാസ അഗ്രോ ഫുഡ്സ് എം.ഡി. യു. മായ സി.ഡി.സുനീഷിന്റെ നേതൃത്വത്തില്‍ പിന്നീട് ചക്ക ശേഖരിക്കാനുള്ള ശ്രമം തുടങ്ങി. ശേഖരിച്ച ചക്ക പ്രതിദിനം നൂറ് കിലോവരെ അരിഞ്ഞ് മീനങ്ങാടിയിലെത്തിച്ച് നല്കി. ഈ വരുമാനത്തില്‍ നിന്നുള്ള ഒരു വിഹിതം കൊണ്ടാണ് മേപ്പാടി പോലീസ് സ്റ്റേഷനില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് പാകം ചെയ്ത് ഉച്ചഭക്ഷണം എത്തിച്ച് നല്‍കിയത്.
ലോക്ക് ഡൗണില്‍ ലോക്കായ തങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു അനുഗ്രഹം ലഭിച്ചപ്പോള്‍ ആ നന്മ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് മനോജും ഷൈലയും പറഞ്ഞു.