BREAKING NEWSFeaturedKERALA

ലോക്ക് ഡൗണില്‍ പ്രകൃതിയെ കൂട്ടുകാരാക്കി രണ്ട് കുട്ടികള്‍.

മാനന്തവാടി: ലോക്ക് ഡൗണ്‍ കാലത്ത് പ്രകൃതിയെ കൂട്ടുകാരാക്കി രണ്ട് കുട്ടികള്‍ വ്യത്യസ്തരാകുന്നു.
പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷതൈ നടുന്നവരെ തിരുത്തുകയാണ് സഹോദരങ്ങളായ ഈ കുട്ടികള്‍. മക്കിയാട് ഹോളി ഫെയ്‌സ് പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി എയ്ഡന്‍ വര്‍ക്കി ഷിബു, ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി എയ്ഡ്രിയാന്‍ ജോണ്‍ ഷിബു എന്നിവരാണ് കൃഷിയെയും പരിസ്ഥിതിയെയും സ്‌നേഹിച്ച് വര്‍ഷം മുഴുവന്‍ തൈകള്‍ നടുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനം മുതല്‍ ഈ പരിസ്ഥിതി ദിനം വരെ നൂറിലധികം തൈകളാണ് ഇരുവരും ചേര്‍ന്ന് നട്ടത് . നടുന്ന ചെടികളെപ്പറ്റിയും തൈകളുടെ വളര്‍ച്ചയും വീഡിയോയില്‍ പകര്‍ത്തി കുട്ടുകുഞ്ചു എന്ന പേരില്‍ ഇവര്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട മന്ദാരവും കനേഡിയന്‍ കൊന്നയും ഒരു വര്‍ഷം കൊണ്ട് നല്ല വളര്‍ച്ചയെത്തി. ഫലവൃക്ഷ തൈകളാണ് ഇപ്പോള്‍ കൂടുതലായും നടുന്നത്. ആദ്യം വീഡിയോ എടുക്കാന്‍ തമാശക്ക് തുടങ്ങിയ നടീലാണ് പിന്നീട് ശീലമായി മാറിയത്. വീട്ടുകാരോടൊപ്പം കുറച്ച് കൃഷിയും ഇരുവര്‍ക്കുമുണ്ട് . ഗ്രോ ബാഗിലെ മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ വീടിന് ചുറ്റുമുള്ള കിളികളെയും ജീവികളെയുമെല്ലാം വീഡിയോയില്‍ പകര്‍ത്തി യൂടൂബിലിട്ടു. നമുക്ക് ചുറ്റും എന്ന പേരില്‍ ഒരു പരമ്പരയായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പറക്കും തവളയെയും പാമ്പിനെയും ഉള്‍കൊള്ളിച്ചുള്ള പരമ്പരയിലെ ആദ്യ വീഡിയോ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലേറെ പേര്‍ കണ്ടു.
വീടിന് ചുറ്റുമുള്ള 100 മരങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ .
ചെടികള്‍ നടുന്നതും പരിപാലിക്കുന്നതും കിളികളെയും പൂമ്പാറ്റകളെയും സംരക്ഷിക്കുന്നതുമെല്ലാം ഉള്‍കൊള്ളിച്ച് ശരാശരി 15 മിനിട്ട് ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോകളാണ് പരമ്പരി യിലുള്ളത് . വെള്ളമുണ്ട ഒഴുക്കന്‍മൂല ചങ്ങാലിക്കാവില്‍ ഷിബുവിന്റെയും ബിന്ദുവിന്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും. മൂത്ത സഹോദരി വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എവുലിന്‍ അന്ന ഷിബുവും മുഴുവന്‍ സമയവും സഹോദരങ്ങള്‍ക്കൊപ്പം ചെടികള്‍ നടാനും വീഡിയോ ചിത്രീകരിക്കാനും കൂടെയുണ്ട്. ഇവര്‍ നട്ട എല്ലാ ചെടികള്‍ക്കും പേരെഴുതി ടാഗ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍ .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker