തിരുവനന്തപുരം:നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളത്ത് ഇത് 23.02 ഉം തൃശൂരില്‍ 26.04 ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി 24.5 ശതമാനമാണ്. ഇന്ന് അത് 23.29 ആയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുടേയും ടെസ്റ്റ് പോസിറ്റിവീറ്റി നിരക്കിന്റേയും ആഴ്ച വെച്ച് നോക്കുമ്പോള്‍ രോഗം വ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്.
ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചകളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടി.പി.ആര് 15.5 ശതമാനം. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനയുണ്ടായി.
ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെയുള്ള കണക്കെടുത്താല്‍ 2,41,615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടി.പി.ആര് 25.79 ശതമാനം. തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ ഉള്ള ടി.പി.ആറിലെ വര്‍ധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തില്‍ 28.71 ശതമാനം വര്‍ധനവുണ്ടായി.
അവസാനത്തെ ആഴ്ചയില്‍ സ്ഥിരീകരിച്ചത് 2,33,301 കേസുകളാണ്. ടി.പി.ആര്.26.44 ശതമാനം. മുന്‍ ആഴ്ചയില്‍ നിന്ന് ടി.പി.ആര് ശതമാനമത്തില്‍ 3.15 ശതമാനം കുറവ്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനവം കുറവ് രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.