BREAKINGKERALA

വടകരയില്‍ ബാങ്കില്‍ നിന്നും 26 കിലോ സ്വര്‍ണവുമായി മാനേജര്‍ മുങ്ങി; പകരം വെച്ചത് മുക്കുപണ്ടം; 17 കോടിയുടെ തട്ടിപ്പ്

iceകോഴിക്കോട്: കോഴിക്കോട് വടകരയില്‍ പണയം വച്ച 26 കിലോ സ്വര്‍ണ്ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് തട്ടിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്‌നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ ആണ് ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാര്‍ജെടുത്ത മേനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ബാങ്കില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ക്ക് പകരം മുക്ക് പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കില്‍ നിന്നും കണ്ടെത്തിയത്. ഇത്രയും അളവില്‍ പണയം വെച്ച സ്വര്‍ണ്ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകില്‍ മധുജയകുമാര്‍ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു ജീവനക്കാരിലേക്കും സംശയം നീളുന്നുണ്ട്.
മധുജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല. തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ മുങ്ങി. ബാങ്ക് മാനേജര്‍ ഇര്‍ഷാദ് നല്‍കിയ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു. പ്രതി മധു ജയകുമാറിനെ കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ ബാങ്കിലെ മറ്റുള്ളവര്‍ക്കും പങ്കുള്ളതായാണ് പൊലീസ് കരുതുന്നത്. മറ്റ് ജീവനക്കാരേയും ഉടന്‍ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

Related Articles

Back to top button