BREAKINGNATIONAL

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, കനത്ത മഴയില്‍ മുങ്ങി തമിഴ്‌നാട്

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക മഴ. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ ജില്ലകളിലെ കോളേജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചത് മൂലമുണ്ടായ മഴ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കന്‍ ജില്ലകളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നവംബര്‍ 23-ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബര്‍ 25-ഓടെ ഇത് ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. നവംബര്‍ 26 നും നവംബര്‍ 29 നും ഇടയില്‍ തെക്കന്‍ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും രായലസീമയിലും അതിശക്തമായ മഴ പെയ്‌തേക്കും. ഈ പ്രദേശങ്ങളില്‍ ഡിസംബര്‍ വരെ നേരിയതോ മിതമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button