BREAKINGNRI

വണ്ടിയോടാന്‍ ഡ്രൈവര്‍ വേണമെന്നില്ല; ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളുമായി ഉബര്‍, ഉടനെത്തും

അബുദാബി എമിറേറ്റില്‍ സ്വയംനിയന്ത്രിത ടാക്സിക്കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഉബര്‍ ടെക്‌നോളജീസ്. ചൈനീസ് കമ്പനിയായ വിറൈഡുമായി സഹകരിച്ചാണ് സ്വയംനിയന്ത്രിത ടാക്സിക്കാറുകള്‍ എത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാറുകള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഉബര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് റോബോ ടാക്സികള്‍ ബുക്ക് ചെയ്യാം.
എന്നാല്‍, എത്ര കാറുകള്‍ റോബോ ടാക്സികളാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇ. ഉടനീളം സ്വയംനിയന്ത്രിത കാറുകള്‍ പുറത്തിറക്കാന്‍ 2023-ല്‍ വിറൈഡിന് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ദേശീയതലത്തില്‍ റോബോ ടാക്സികള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നത് ആഗോളതലത്തില്‍ ആദ്യമായാണ്.
ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ റോബോ ടാക്സികള്‍ റോഡിലിറക്കുന്നതിന് മുന്നോടിയായി വിറൈഡ് ഒട്ടേറെ പരീക്ഷണയോട്ടങ്ങളും സംഘടിപ്പിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയശേഷമാണ് ഈ വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ സ്വയംനിയന്ത്രിത കാറുകള്‍ നിരത്തിലെത്തുന്നത്.
ആഗോളതലത്തില്‍ ടാക്സി സേവനങ്ങള്‍ നല്‍കുന്ന ഉബറുമായി ആദ്യമായാണ് ചൈനീസ് കമ്പനിയായ വിറൈഡ് സഹകരിക്കുന്നത്. ഇതുവഴി ചൈനയ്ക്ക് പുറത്തേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് വിറൈഡിന്റെ തീരുമാനം. യു.എസിലെ ഓസ്റ്റിന്‍, അറ്റ്‌ലാന്റ എന്നിവിടങ്ങളില്‍ റോബോ ടാക്സികള്‍ ഇറക്കുന്നതിനായി ഉബര്‍ ഈ മാസം ആല്‍ഫബെറ്റിന്റെ വെമോയുമായും കരാറില്‍ ഒപ്പുവെച്ചിരുന്നു.
അതേസമയം, ജനറല്‍ മോട്ടോഴ്‌സിന്റെ റോബോ ടാക്സി യൂണിറ്റായ ക്രൂസുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായ് കരാറിലേര്‍പ്പെട്ടിരുന്നു. ഈ വാഹനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ നിരത്തിലെത്തുമെന്നാണ് സൂചന. 2030-ഓടെ 4,000 സ്വയം നിയന്ത്രിത കാറുകള്‍ നഗരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത തടസ്സങ്ങള്‍ ലഘൂകരിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയുമാണ് ലക്ഷ്യം.

Related Articles

Back to top button