BREAKINGNATIONAL

വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യാന്‍ ജീവപര്യന്തം തടവുകാരന്‍; 14 പോലീസുകാര്‍ക്കെതിരേ കേസ്

ചെന്നൈ: ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു.വെല്ലൂര്‍ റേഞ്ച് ജയില്‍ ഡി.ഐ.ജി. ആര്‍. രാജലക്ഷ്മിയുടെ വീട്ടില്‍ തടവുകാരനായ എസ്. ശിവകുമാറിനെ ജോലി ചെയ്യിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. രാജലക്ഷ്മി, പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ രാജു, വെല്ലൂര്‍ ജയില്‍ അഡീഷണല്‍ സൂപ്രണ്ട് അബ്ദുള്‍ റഹ്‌മാന്‍, ജയിലര്‍ അരുള്‍ കുമരന്‍, രണ്ട് വനിതകളടക്കം പത്ത് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുടെപേരിലാണ് കേസെടുത്തത്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ശിവകുമാറിന്റെ അമ്മ കലാവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ച് ഇതേക്കുറിച്ചന്വേഷിക്കാന്‍ വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Related Articles

Back to top button