ന്യൂഡല്‍ഹി; കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു പരിഷ്‌കൃത സമൂഹത്തിനും ഇത് അനുവദിക്കാനാവാത്തതാണെന്നും രാഷ്ട്രപതി പറഞ്ഞു. സംഭവത്തില്‍ ഇതാദ്യമായാണ് രാഷ്ട്രപതി ഈ വിഷയം പരാമര്‍ശിക്കുന്നത്.
പെണ്‍മക്കളേയും സഹോദരിമാരേയും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് വിധേയരാക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ല. വിദ്യാര്‍ഥികളും ഡോക്ടര്‍മാരും കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുമ്പോള്‍ ക്രിമിനലുകള്‍ മറ്റിടങ്ങളില്‍ പതുങ്ങിനടക്കുകയാണ്.- പി.ടി.ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രപതി പറഞ്ഞു.നിര്‍ഭയ സംഭവത്തിന് ശേഷം 12 വര്‍ഷത്തോളമായി നടന്ന എണ്ണമറ്റ ബലാത്സംഗങ്ങള്‍ സമൂഹം മറന്നുകളഞ്ഞു. ഈ ഓര്‍മക്കുറവ് അരോചകമാണ്. മറ്റൊരു ഹീനകൃത്യം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.
സ്ത്രീകളെ താഴ്ന്ന മനുഷ്യരായും ശക്തി കുറഞ്ഞതും കഴിവും ബുദ്ധിയും കുറഞ്ഞവരായും കാണുന്നത് നിന്ദ്യമായ മാനസികാവസ്ഥയാണ്. സമൂഹം സത്യസന്ധവും നിക്ഷ്പക്ഷവുമായ രീതിയില്‍ ആത്മപരിശോധന നടത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.
ഓ?ഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍, സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആര്‍.ജി. കറിലെയും മറ്റു മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കുകയും ചെയ്തിരുന്നു.
അതേസമയം കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി സിബിഐ സംഘം കൊല്‍ക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ നുണപരിശോധന സിബിഐ പൂര്‍ത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്.
60 1 minute read